ഭാരത് ജോഡോ യാത്രക്കിടെ മോഷണം; പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
text_fieldsനേമം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ചില സംഘങ്ങള്‍ പ്രദേശത്ത് മോഷണം നടത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനായി സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. നിലവില്‍ നേമം, കരമന ഭാഗങ്ങളിലാണ് മോഷണം നടന്നതായി സൂചന ലഭിച്ചത്.
കഴിഞ്ഞദിവസവും തിങ്കളാഴ്ചയും യാത്ര കടന്നുപോയ ഭാഗങ്ങളിലുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചുവരുന്നത്.
പരിശോധനയില്‍ കരമനയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്ന് നാലംഗസംഘം ഒരാളുടെ പഴ്സ് പിടിച്ചുപറിച്ചതായി കണ്ടെത്തി.
സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ പഴ്സ് മോഷ്ടിച്ചശേഷം ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ളവ തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപം ഉപേക്ഷിച്ചതായും കണ്ടെത്തി. കല്ലൂര്‍ മഞ്ഞമല സ്വദേശി നസീറിന്റെ പഴ്സാണ് മോഷ്ടിക്കപ്പെട്ടതെന്ന് കരമന പൊലീസ് പറഞ്ഞു.
മോഷണസംഘം തമിഴ്നാട്ടുകാരാണോയെന്ന് സംശയമുണ്ട്. യാത്രക്കിടെ വി.ഐ.പികൾ കടന്നുപോകുന്ന വേളയില്‍ മനഃപൂര്‍വം തിരക്ക് സൃഷ്ടിച്ചശേഷം സംഘം പഴ്സും പണവും മറ്റു സാധനങ്ങളും മോഷ്ടിച്ചുകടക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സമാന സംഭവം നേമത്തും ഉണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ജോഡോ യാത്ര കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം പൊലീസിന്റെ ശക്തമായ സാന്നിധ്യമുണ്ട്. അതേസമയം, പണമോ സ്വർണമോ നഷ്ടപ്പെട്ടതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.