ആളൊഴിഞ്ഞ വീടുകളിൽ മോഷണം: അഞ്ച് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsകാക്കനാട്: നഗരത്തിൽ പലയിടത്തായി മോഷണം നടത്തിയ അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ അഹമ്മദ് ഖാലിദ് (മുഹമ്മദ് ഇമ്രാൻ - 22), റഷീദുൽ മുഹമ്മദ് (24), മിഥുൻ ഷെയ്ഖ് (36), റിപ്പോൺ ഹുസൈൻ (26), ഡൽഹി സ്വദേശി മുഹമ്മദ് സലീം (48) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തും മരോട്ടിച്ചുവട്, പാടിവട്ടം ഭാഗങ്ങളിലുമായി നിരവധി വീടുകളിൽ വാതിൽ പൊളിച്ച് മോഷണം നടത്തിയ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. കളമശ്ശേരി എച്ച്.എം.ടി ഭാഗത്ത് വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇവർ. ജഡ്ജിമുക്ക് ഭാഗത്ത് കാരിയിൽ ലൈനിലെ ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച ഇവർ മോഷണം നടത്തിയിരുന്നു. ബംഗളൂരുവിൽ പോയിരുന്ന വീട്ടുകാർ വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോഴായിരുന്നു അറിഞ്ഞത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സ്വർണാഭരണങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, ഓട്ടു വിഗ്രഹം, വിളക്കുകൾ എന്നിവയായിരുന്നു മോഷണം പോയത്. പ്രതികളുടെ പക്കൽനിന്ന് വാതിൽപാളികൾ പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളും അവ മൂർച്ചവെക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. പ്രതികൾ താമസിച്ച വീടിന് സമീപത്തെ ചളി നിറഞ്ഞ ചതുപ്പിൽ ചാക്കിലാക്കി പൂഴ്ത്തിവെച്ചിരുന്ന വിഗ്രഹവും ഓട്ടു വിളക്കുകളും മറ്റും കണ്ടെത്തി. പകൽ സൈക്കിളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടെത്തി അർധരാത്രിയോടെ പിൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. ജഡ്ജിമുക്കിലെ വീട്ടിൽ പരിശോധനക്കെത്തിയ പൊലീസ് സമീപത്തുള്ള വെറെയും ആൾത്താമസമില്ലാത്ത വീടുകളിൽ മോഷണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
പണമോ സ്വർണമോ ലഭിക്കാതെ വന്നാൽ വീടുകളിലെ ഇൻവർട്ടർ, ബാറ്ററി, ടാപ്പുകൾ തുടങ്ങിയവ അഴിച്ചെടുത്ത് കൊണ്ടുപോകാറാണ് പതിവ്. പ്രതികളുടെ താമസ സ്ഥലത്ത് ഇത്തരത്തിലുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങളും ചെമ്പ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.