വാഹനങ്ങളിൽനിന്ന് മോഷണം: തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsഹരിപ്പാട്: തിരക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽനിന്ന് പണവും രേഖകളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ. കുമാരപുരത്ത് വാടകക്ക് താമസിക്കുന്ന തമിഴ്നാട് ബോധിനായ്ക്കന്നൂർ അനക്കാരപ്പെട്ടി സ്വദേശി അനന്തനാണ് (36) അറസ്റ്റിലായത്. ഈമാസം 20ന് ഹരിപ്പാട് ടൗൺഹാൾ ജങ്ഷന് വടക്കുവശം ശബരി കൺവെൻഷൻ സെന്ററിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബാബുവിന്റെ ബൈക്കിൽനിന്ന് പണം നഷ്ടപ്പെട്ട പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സി.സി ടി.വി ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിന്റെ ടാങ്ക് കവർ തുറന്നു പണം മോഷ്ടിക്കുന്നതും മറ്റു വാഹനങ്ങളിൽ മോഷണത്തിന് ശ്രമിക്കുന്നതും വ്യക്തമായിരുന്നു.
ചോദ്യം ചെയ്യലിൽ ആഗസ്റ്റിൽ റവന്യൂ ടവറിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്ന് 80,000 രൂപയും ബാങ്ക് രേഖകളും ചേപ്പാട് ഒരു സ്ത്രീയുടെ സ്കൂട്ടറിൽനിന്ന് 7,500 രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് വ്യക്തമായി. സമാനരീതിയിൽ നിരവധി മോഷണം ഇയാൾ നടത്തിയതായും കഞ്ചാവ് വിൽപന ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷമായി ഹരിപ്പാട്ടും പരിസരങ്ങളിലും വാടകക്ക് താമസിക്കുകയാണ് ഇയാൾ. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദേശപ്രകാരം ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, എസ്.ഐമാരായ സവ്യ സാചി, നിസാമുദ്ദീൻ, എസ്.സി.പി.ഒ സുരേഷ്, സി.പി.ഒമാരായ അജയൻ, നിഷാദ്, അരുൺകുമാർ, ഇയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.