ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരികളുടെ മാല കവർന്നു
text_fieldsഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാരികളുടെ മാല കവർന്നു. മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ആറന്മുള സ്വദേശി രേഖ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ് കവർന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ നടന്നുവരികയായിരുന്ന ലക്ഷ്മിയുടെ രണ്ടു പവന്റെ മാലയാണ് ആദ്യം പൊട്ടിച്ചത്.
ഓടിരക്ഷപ്പെടുകയായിരുന്ന മോഷ്ടാവിനെ റെയിൽവേ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും തള്ളിയിട്ട് രക്ഷപ്പെട്ടു. ഓട്ടത്തിനിടെയാണ് എതിരെ നടന്നുവരികയായിരുന്നു രേഖ നായരുടെ നാലു പവന്റെ മാല പൊട്ടിച്ചത്. ട്രെയിൻ പുറപ്പെടാറായതിനാൽ
ഇരുവരും പരാതി നൽകാതെ യാത്രയായി. പിന്നീട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകി. റെയിൽവേ സ്റ്റേഷന് സമീപത്തെ ആൾതാമസം ഇല്ലാത്ത വീട്ടിലും തിങ്കളാഴ്ച പുലർച്ചെ മോഷണശ്രമം നടന്നു. ഗുരുവായൂർ ദേവസ്വം റിട്ട. ജീവനക്കാരൻ പുത്തൻവീട്ടിൽ സച്ചിദാനന്ദന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
സച്ചിദാനന്ദനും കുടുംബവും രണ്ടുദിവസം മുമ്പ് വീട് അടച്ച് ചാലക്കുടിയിലെ മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. അടച്ചിട്ട വീട്ടിൽനിന്ന് ലൈറ്റ് കണ്ട് അയൽവാസികൾ എത്തിയപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷൻ നിൽക്കുന്ന തിരുവെങ്കിടം മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലും മോഷണം നടന്നിരുന്നു.
‘റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ഉറപ്പാക്കണം’
ഗുരുവായൂർ: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച് ആഭരണം കവരുന്നത് തുടർക്കഥയായ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് വാർഡ് കൗൺസിലർ വി.കെ. സുജിത്ത് ആവശ്യപ്പെട്ടു. സ്റ്റേഷനിൽ നിരീക്ഷണ കാമറകൾ അടിയന്തിരമായി സ്ഥാപിക്കണം. പരിസരത്ത് ആവശ്യത്തിന് വെളിച്ചവുമില്ല. റെയിൽവേ പൊലീസിന്റെ അംഗബലം വർധിപ്പിക്കണമെന്നും പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.