പള്ളി ഭണ്ഡാരം തകർത്ത് പണം കവർച്ച; യുവാവ് അറസ്റ്റിൽ
text_fieldsശ്രീകണ്ഠപുരം: ഏരുവേശ്ശി പൊട്ടൻപ്ലാവിൽ പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പൊട്ടൻപ്ലാവിലെ മഞ്ഞളിയിൽ ജെയ്മോനെയാണ്(40) കുടിയാൻമല എസ്.ഐ കെ. സുരേഷ് കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ദേവാലയത്തിലെ രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നിരുന്നു. പള്ളി വികാരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് യാത്രക്കിടെ ഇയാൾ പിടിയിലായത്. കവർന്ന പണവും കണ്ടെടുത്തു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
സമൂഹ മാധ്യമത്തിൽ വ്യാജപ്രൊഫൈൽ വഴി തട്ടിപ്പ്: പ്രതി പിടിയിൽ
പാനൂർ: സമൂഹമാധ്യമത്തിൽ സ്ത്രീയായി ചമഞ്ഞ് പണം തട്ടിയ വിരുതനെ കൊളവല്ലൂർ പൊലീസ് സാഹസികമായി പിടികൂടി. ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഊട്ടി ഗൂഡല്ലൂർ സ്വദേശി ഉബൈദുല്ലയാണ് അറസ്റ്റിലായത്. കടവത്തൂർ സ്വദേശി എൻ.കെ. മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ മുഹമ്മദ് ഉബൈദുല്ലയുമായി ബന്ധം സ്ഥാപിക്കുന്നത്. കൂടുതൽ അടുത്തതോടെ പണമിടപാടുമായി. ഇത്തരത്തിൽ പല തവണയായി ആറ് ലക്ഷം രൂപയാണ് ഉബൈദുല്ല തട്ടിയെടുത്തത്. ഒരു വർഷ കാലാവധിയും പറഞ്ഞിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച് ഷംനക്ക് പിന്നാലെ പോയ പൊലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുല്ലയെയാണ്. നവ മാധ്യമങ്ങളിൽ നിന്നും നേരത്തെ പിൻവാങ്ങിയതുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതിയിലേക്ക് പൊലീസെത്തിയത്. ഗൂഡല്ലൂരിൽ നിന്നും പിടികൂടിയ പ്രതിയെ രാവിലെയോടെ കൊളവല്ലൂരെത്തിച്ചു.
കൊളവല്ലൂർ എസ്.ഐ സുഭാഷ്, രാജേഷ് പന്ന്യന്നൂർ, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. താമരശേരി എസ്.ഐ അബ്ദുൽ റസാഖിന്റെ സേവനവും പ്രതിയെ പിടികൂടുന്നതിന് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.