പട്ടാപ്പകൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
text_fieldsഈരാറ്റുപേട്ട: കഴിഞ്ഞ രണ്ടുദിവസത്തിനിടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് നഷ്ടപ്പെട്ടത് ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബെൽ ഫോണും. രണ്ട് കടയിലും മോഷണം നടന്നത് പട്ടാപ്പകൽ തന്നെ.പൂഞ്ഞാർ റോഡിൽ പുത്തൻപള്ളിക്ക് സമീപം ടയർ വ്യാപാരം നടത്തുന്ന കടയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഉടമ പള്ളിയിൽപോയ സമയത്താണ് മോഷണം നടന്നത്. 67,000 രൂപയും മൊബൈൽ ഫോണുമാണ് മോഷണംപോയത്. തിങ്കളാഴ്ചയും സമാനസംഭവം നടന്നു. സെൻട്രൽ ജങ്ഷനിലെ തുഷാർ മൊബൈൽസിൽ ഉച്ചക്ക് ഒരുമണിക്ക് ഉടമ പള്ളിയിൽപോയ സമയത്താണ് പകുതി താഴ്ത്തിയിട്ട ഷട്ടർ തുറന്ന് കടയിൽകയറി പണവും വിലപിടിപ്പുള്ള ഏഴ് മൊബൈൽ ഫോണും മോഷ്ടിച്ചത്. പ്രദേശം കൃത്യമായി വീക്ഷിച്ചതിനുശേഷം നടന്ന മോഷണങ്ങളാണ് രണ്ടും.
മോഷ്ടാക്കളുടെ ചിത്രങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും ഇതുപോലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം നടന്നത് മറ്റൊരു രീതിയിലുള്ള മോഷണമാണ്.കടയുടമ വീട്ടിലേക്ക് പോകുമ്പോൾ കലക്ഷന് എത്തിയതാണെന്ന് പറഞ്ഞ് മേശയിലോ അലമാരയിലോ സൂക്ഷിച്ച പണം ജീവനക്കാരിൽനിന്ന് വാങ്ങിക്കും. കടയിലെ ജീവനക്കാരനെ ഉറപ്പുവരുത്താൻ ഉടമയോട് ഫോണിൽ സംസാരിക്കുന്നതായി അഭിനയിക്കും. ഇത്തരത്തിൽ ഒരുപാട് തട്ടിപ്പുകൾ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്നു.
ഇപ്പോഴും പലസ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട കാര്യങ്ങളായതുകൊണ്ട് പുറംലോകം അറിയാത്ത സാഹചര്യവുമുണ്ട്. കടയുടമകൾ ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.സി ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.