യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി
text_fieldsശാസ്താംകോട്ട: യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ പതിനൊന്നോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കുറ്റിയിൽ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദു റെയിൽവേ സ്റ്റേഷന് സമീപമുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ആഞ്ഞിലിമൂട്ടിൽ പോയി സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ വന്ന ബിന്ദുവിനെ സ്കൂട്ടിലെത്തിയ രണ്ടുപേർ പിന്തുടർന്നു. സ്കൂട്ടർ ഓടിച്ച് വലിയ പരിചയമില്ലാത്ത ബിന്ദു പല പ്രാവശ്യം സ്കൂട്ടർ ഒതുക്കി പിന്തുടർന്ന് വന്നവർക്ക് കയറിപ്പോകാൻ സൗകര്യം ഒരുക്കിയെങ്കിലും ഇവർ തയാറാകാതെ പിന്തുടരുകയായിരുന്നു.
ബിന്ദുവിനോട് സൈലൻസറിൽ നിന്ന് പുകവരുന്നതായി പറയുകയും സഹായിക്കാനെന്ന വ്യാജേന സ്കൂട്ടറിനടുത്തെത്തി കണ്ണിൽ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബിന്ദുവും മാലയിൽ പിടിച്ചിരുന്നെങ്കിലും വലിയ കഷണം മോഷ്ടാക്കൾ അപഹരിച്ചു.
ഇവർ സ്കൂട്ടർ ഓടിച്ച് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയി. ബിന്ദുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലടക്കം പരിശോധന നടത്തി. ഈ സമയം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന നിൽക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ തടഞ്ഞുെവച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ പരിശോധിച്ചപ്പോൾ പൊട്ടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള വസ്ത്രങ്ങളും വാഹനത്തിൽ നിന്ന് ലഭിച്ചു. തുടർന്ന്, നാട്ടുകാർ വിവരം അറിയിച്ചതോടെ ശാസ്താംകോട്ട പോലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.