ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം: പ്രതി പിടിയിൽ
text_fieldsഅരിമ്പൂർ (തൃശൂർ): എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും സമീപത്തെ മൃഗാശുപത്രിയിൽനിന്നുമായി കാൽ ലക്ഷത്തോളം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെയാണ് (52) 48 മണിക്കൂറിനകം പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ച രണ്ടിനാണ് എറവിലെ ക്ഷേത്രത്തിൽ മോഷണം നടന്നത്. നിരവധി മോഷണക്കേസിൽ പ്രതിയായ ഇയാൾ തിരൂർ സബ് ജയിലിൽനിന്ന് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പഴയന്നൂരിൽ അഭിഭാഷകനെ കാണാനായി ബസിൽ പോകുന്നതിനിടെയാണ് ക്ഷേത്രത്തിൽ കയറിയതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
വഴിപാട് കൗണ്ടറും ഭണ്ഡാരവും കുത്തിത്തുറന്ന് 25,000 രൂപയാണ് അപഹരിച്ചത്. തുടർന്ന് സമീപത്തെ മൃഗാശുപത്രിയിൽ കയറി അലമാര കുത്തിത്തുറന്ന് 1000 രൂപയും കവർന്നു. പിന്നീട് അവിടെ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് കുളിച്ച് പുലർച്ച അഞ്ചോടെ ബസിലാണ് തിരിച്ചുപോയത്. ക്ഷേത്രത്തിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക തെളിവായി. പഴയന്നൂരിലെ കൂട്ടാളിയുടെ വീട്ടിൽനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
10,000 രൂപയോളം ഇയാളിൽനിന്ന് കണ്ടെടുത്തു. ആലുവ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, തിരൂർ, കോട്ടയം ഗാന്ധിനഗർ, കരുനാഗപ്പിള്ളി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണ് നജിമുദ്ദീനെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനുശേഷം തൃശൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ അന്തിക്കാട് പ്രിൻസിപ്പൽ എസ്.ഐ കെ. അജിത്ത്, എസ്.ഐ വി.എസ്. ജയൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.