മുണ്ടക്കയത്ത് രണ്ട് സ്കൂളുകള്‍ കുത്തിത്തുറന്ന് മോഷണം; പള്ളിയിൽ മോഷണ ശ്രമം
text_fieldsമുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം പൊലീസ്സ്റ്റേഷൻ പരിധിയില്‍ മുപ്പത്തിനാലാംമൈല് സെൻറ് ആൻറണീസ് ഹൈസ്കൂള്‍, യു.പി. സ്കൂള്‍ എന്നിവിടങ്ങളില്‍ മോഷണം. ഇതോടു ചേര്‍ന്ന വ്യാകുല മാത ഫൊറോന പള്ളിയില്‍ മോഷണ ശ്രമവും നടന്നു. സെൻറ് ആൻറണീസ് ഹൈസ്കൂളില്‍നിന്ന് രണ്ട് വിഡിയോ കാമറകളും ആറായിരത്തോളം രൂപയുമാണ് കവർന്നത്. സമീപത്തെ യു.പി സ്കൂളില്‍നിന്ന് 29,500 രൂപയും ഒരു മൊബൈല്‍ ഫോണും മോഷ്ടിച്ചു. ഹൈസ്കൂളില്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി നല്കിയ കാമറകളാണ് കൊണ്ടുപോയത്.
ഫോട്ടോകോപ്പി എടുത്ത വകയിൽ ലഭിച്ച പണമാണ് ആറായിരം രൂപ .ഇത് അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യു.പിസ്കൂളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് പണവും മൊബൈല്‍ഫോണും.
നിര്‍ധന വിദ്യാര്‍ഥിക്ക് ചൊവ്വാഴ്ച നല്‍കാനിരുന്ന മൊബൈല്‍ഫോണാണ് നഷ്ടമായത്. സ്കൂളിെൻറ പൂട്ടു തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അലമാരകളുടെയും പൂട്ടും തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. പള്ളിക്ക് മുന്നിലെ ഗ്രോട്ടോയുടെ നേര്ച്ചക്കുറ്റി തകര്‍ത്ത മോഷ്ടാക്കള്‍ ഇതിനുള്ളിലെ പണവും അപഹരിച്ചു. വ്യാകുല മാത ഫൊറോന പള്ളിയുടെ പിന്‍വശത്തെ സങ്കീര്‍ത്തിയുടെ കതക് കുത്തിത്തുറന്ന ് മോഷണശ്രമം നടത്തി.
സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. ചൊവ്വാഴ്ച രാവിലെ 5.30 ഓടെ പള്ളി തുറക്കാന്‍ എത്തിയവരാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പള്ളി കമ്മിറ്റി അംഗങ്ങളെയും പെരുവന്താനം പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയിലും പരിസരപ്രദേശത്തെയും സി.സി.ടി.വി പരിശോധനയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ രണ്ടു യുവാക്കളുടെ ദൃശ്യം ലഭ്യമായിട്ടുണ്ട്. ഒരാള്‍ കണ്ണടയും തൊപ്പിയും ധരിച്ച നിലയിലാണ്.
കഴിഞ്ഞ ദിവസം പെരുവന്താനം പൊലീസ് സ്റ്റേഷനു സമീപം പഞ്ചായത്ത് വക കര്ഷകക്കട കുത്തി തുറന്ന് ഒരു ലക്ഷം രൂപയും 7000ഓളം രൂപയുടെ സാധനങ്ങളും മോഷ്ടിച്ചിരുന്നു. ഈ കേസിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.