നഗരൂരില്‍ കടകളില്‍ മോഷണം; മുങ്ങിയത് സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും കൊണ്ട്
text_fieldsകിളിമാനൂർ: മഴയുടെ മറവിൽ നഗരൂർ ടൗണിൽ രണ്ട് കടകളിൽ മോഷണം. ഇരുകടകളിൽ നിന്നായി പണവും സാധനങ്ങളുമടക്കം അരലക്ഷം രൂപയോളം നഷ്ടമായതായി വ്യാപാരികൾ അറിയിച്ചു.
നഗരൂർ അൽഹാജ ഹോട്ടൽ, പി.കെ.എച്ച് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പി.കെ.എച്ച് ബേക്കറിയുടെ പുറക് വശത്തെ വാതിൽ കുത്തുപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഇവിടെ നിന്നും സാധനങ്ങളും പണവും അപഹരിച്ച ശേഷം സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും കൈക്കലാക്കിയാണ് മുങ്ങിയത്.
ബേക്കറിക്ക് സമീപമുള്ള അൽഹാജ ഹോട്ടലിന്‍റെ ബാത്ത് റൂം ഗ്രിൽ പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവ് കാഷ് കൗണ്ടറിലുണ്ടായിരുന്ന പണവും ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചിരുന്ന സഹായധനത്തിനായി സ്ഥാപിച്ചിരുന്ന പെട്ടിയും പണവും അപഹരിച്ചു.
വ്യാഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് ജീവനക്കാർ മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ സമീപത്തെ നഗരൂർ സ്റ്റേഷനിൽ നിന്നും എസ്.എച്ച്.ഒ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള കടകളിൽ മോഷണം നടന്നതിന്‍റെ അന്ധാളിപ്പിലാണ് വ്യാപാരികൾ.
അതുമാത്രവുമല്ല മോഷണം നടന്ന സ്ഥാപനങ്ങളുടെ തൊട്ടുമുമ്പിൽ പുതുതായി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ഷോറൂമിന്‍റെ ജോലിക്കും മറ്റുമായി ജോലിക്കാർ പുലരുവോളം ടൗണിലുണ്ടായിരുന്ന സമയത്തുമാണ് മോഷണമെന്നത് ശ്രദ്ധേയമാണ്. ടൗണിലെ വിവിധ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ടൗണിൽ വ്യാപാരികൾക്കൊപ്പം ചേർന്ന് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.