കല്ലമ്പലം ക്ഷേത്രത്തിൽ മൂന്നുതവണ മോഷണം; പോലിസ് അനാസ്ഥ
text_fieldsകല്ലമ്പലം: മേഖലയിൽ കവർച്ച വ്യാപകമായിട്ടും പ്രതികളെ പിടികൂടുന്നതിൽ പോലീസ് അനാസ്ഥ. നിരവധി മോഷണങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ ചേന്നൻകോട് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വീണ്ടും കവർച്ച നടന്നു. മുമ്പ് രണ്ടു തവണ നടന്ന കവർച്ചകളിലെ അതേ മോഷ്ടാവ് തന്നെയാണ് വീണ്ടും എത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടെത്തി.
ക്ഷേത്രത്തിൽ ഈ മാസം ഇരുപതിനാണ് അവസാന കവർച്ച നടന്നത്. നടപ്പന്തലിലൂടെ അകത്തിറങ്ങിയ മോഷ്ടാവ് പ്രധാന കാണിക്കവഞ്ചി പുറത്തെത്തിച്ച് അടിച്ചുപൊളിച്ച് കവർച്ച നടത്തുകയായിരുന്നു. മുപ്പതിനായിരത്തോളം രൂപ ഉണ്ടായിരുന്നു. ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറക്കുന്ന ദിവസവും സമയവും മുൻകൂട്ടി നോട്ടീസ് ബോർഡിൽ ഇടാറുണ്ട്. ഇത്തരത്തിൽ കാണിക്ക തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഇവിടെ കവർച്ച നടക്കുന്നത്. അതിനാൽ തന്നെ പരമാവധി തുക മോഷ്ടാക്കൾക്ക് കൊണ്ടുപോകാൻ കഴിയുന്നു.
നേരത്തെ നടന്ന കവർച്ചയിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞില്ല. ഇവിടെ സി.സി.ടി.വി ഉണ്ട് എന്ന തിരിച്ചറിവോടെയാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖം തുണികൊണ്ട് കെട്ടി മറച്ചും തലയിൽ തൊപ്പി ഉപയോഗിച്ചും തിരിച്ചറിയാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇതിനുമുമ്പ് നടന്ന മോഷണ കേസുകളിലും സമാനരീതിയിൽ സി.സി.ടി.വി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവെടുപ്പും പൊലീസ് നടത്തിയിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടിയിരുന്നില്ല. ഇത് അവസരമാക്കി മോഷ്ടാവ് തുടർച്ചയായി ഇതേ ക്ഷേത്രത്തിൽ തന്നെ മൂന്നാം തവണയുമെത്തി കവർച്ച നടത്തി.
സമീപ കാലത്ത് കല്ലമ്പലം മേഖലയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രം ഉൾപെടെ വിവിധ ആരാധനാലയങ്ങളിലും കവർച്ച നടത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. നാവായിക്കുളം ഗവ.എച്ച്.എസ്എസിലെ സാമൂഹികവിരുദ്ധ ആക്രമണകേസിനും ഇതേ അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.