രണ്ടര ലക്ഷത്തിന്റെ കൊക്കോ പരിപ്പ് മോഷണം; രണ്ട് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
text_fieldsമീനങ്ങാടി: കൊക്കോ കലക്ഷന്‍ സെന്ററിന്റെ പൂട്ട് പൊളിച്ച് രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേരെ മീനങ്ങാടി പൊലീസ് പിടികൂടി.
മോഷണ മുതലിന്റെ വില്പനക്ക് സഹായിച്ച കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിം(33), ഓമശ്ശേരി രാരോത്ത് പാലോട്ട് വീട്ടില്‍ മുഹമ്മദ് ഫജാസ്(25) എന്നിവരെയാണ് എസ്.ഐ ബി.വി. അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ വലയിലായത്. കടയുടമയായ മീനങ്ങാടി സ്വദേശിയായ ജോണ്സന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ജൂണ്‍ 23ന് പുലര്‍ച്ച മീനങ്ങാടി ടൗണിലെ കാഡ്ബറി കൊക്കോ കലക്ഷന്‍ സെന്ററില്‍ നിന്നാണ് കൊക്കോ പരിപ്പ് മോഷണം പോയത്. ആറു ചാക്കുകളിലായി സൂക്ഷിച്ച 2,22,000 രൂപ വിലയുള്ള 370 കിലോ ഗ്രാം പരിപ്പാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
കൊക്കോ കലക്ഷന്‍ സെന്ററിന്റെ അടുത്തുള്ള വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്ന മുചുഭായും സഹായികളുമാണ് മോഷണം നടത്തിയതെന്ന് പൊലീസിന്റെ വിശദമായ കേസന്വേഷണത്തില്‍ കണ്ടെത്തി. മോഷണ ശേഷം ഒരു ചാക്ക് ഹാഷിമിന്റെയും ഹിജാസിന്റെയും സഹായത്തോടെ താമരശ്ശേരിയിലെത്തിച്ച് വില്പന നടത്തി.
മറ്റു അഞ്ച് ചാക്കുകള്‍ മലഞ്ചരക്ക് വ്യാപാരികൾക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അഞ്ചു ചാക്കുകൾ പൊലീസ് ബന്തവസിലെടുത്തു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.