മോഷണം; ഒരു പ്രതി കൂടി അറസ്റ്റിൽ
text_fieldsവടകര: മുക്കാളിയിൽ വീട്ടിലും വടകരയിലും പയ്യോളിയിലും കടകളിലും മോഷണം നടത്തിയവരിൽ ഒരാൾ കൂടി അറസ്റ്റിൽ. താനൂർ ചീരാൽ അരയന്റപുരക്കൽ ആബിദിനെയാണ് (34) ചോമ്പാല സി.ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ ഖദീജ മൻസിലിൽ തത്ത ഫിറോസിനെ (39) കഴിഞ്ഞ ദിവസം ചോമ്പാല സി.ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതി റിമാൻഡിലാണ്. മുക്കാളി ശ്രീഹരിയിൽ തമിഴ്നാട് റിട്ട. പൊലീസ് ഇൻസ്പെക്ടർ ഹരീന്ദ്രന്റെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണവും 40000 രൂപയും മോഷണം നടത്തിയ കേസിൽ തത്ത ഫിറോസ് പിടിയിലായതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതിയായ ആബിദിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ഹരീന്ദ്രനും കുടുംബവും വീട് പൂട്ടി ബംഗളൂരുവിലെ മകളുടെ വീട്ടിൽ പോയ സമയത്താണ് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വടകര ലിങ്ക് റോഡിലെ സിറ്റി ടവറിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി പാറപ്പള്ളി സ്വദേശി റനീഷിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ മൊബൈൽ ഷോപ്പിലും ഇരുവരും മോഷണം നടത്തിയിരുന്നു.
കടയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന 46 മൊബൈലുകളാണ് മോഷണം നടത്തിയത്. വടകരയിൽ മോഷണത്തിനെത്തിയ രണ്ടു പേരുടെയും ദൃശ്യങ്ങൾ സി.സി ടി.വിയിൽ ലഭിച്ചിരുന്നു. വടകരയിലെ മോഷണത്തിന് പിന്നാലെ മുക്കാളിയിലെ വീട്ടിലെത്തി കവർച്ച നടത്തുകയായിരുന്നു. വടകര മുത്തപ്പൻ ക്ഷേത്രപരിസരത്ത് നിന്ന് മോഷണം പോയ ബൈക്കും പ്രതിയിൽ നിന്നും നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.
പ്രതിയെ മോഷണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.