കാട്ടാനയുടെ പല്ലും കൊമ്പും കവർന്ന കേസ്: കൂടുതൽ പ്രതികളെന്ന് സൂചന
text_fieldsവടക്കഞ്ചേരി: പാലക്കുഴിയിലെ സ്വകാര്യ തോട്ടത്തിൽ െചരിഞ്ഞ കാട്ടാനയുടെ പല്ലും കൊമ്പും കവർന്ന കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായി സൂചന. നിലവിൽ പാലാ ഉഴവൂർ സ്വദേശി തോമസ് പീറ്റർ (54), പാലക്കുഴിയിൽ തോമസ് പീറ്ററിെൻറ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ വീട്ടിൽ താമസിക്കുന്ന തൊഴിലാളി ജയ്മോൻ (48) എന്നിവർ റിമാൻഡിലാണ്. നാലുപേർക്ക് കൂടി സംഭവത്തിൽ പങ്കുള്ളതായാണ് വനം വകുപ്പ് കണ്ടെത്തിയത്.
പാലക്കുഴിയിൽ പീച്ചി വനമേഖലക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ തോട്ടത്തിൽ ഒരുവർഷം മുമ്പാണ് ആന െചരിഞ്ഞത്. ചൊവ്വാഴ്ച കോട്ടയത്ത് ആനപ്പല്ല് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോമസ് പീറ്റർ കോട്ടയം വനം ൈഫ്ലയിങ് സ്ക്വാഡിെൻറ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂർ, പാലക്കാട് ൈഫ്ലയിങ് സ്ക്വാഡുകൾ ചേർന്ന് ബുധനാഴ്ച ജയ്മോനെയും പിടികൂടി.
ജയ്മോനെയും കൂട്ടി നടത്തിയ തെളിവെടുപ്പിൽ പാലക്കുഴിയിലെ തോട്ടത്തിൽനിന്ന് ആനയുടെ മസ്തകം, വാരിയെല്ല്, തുടയെല്ല് തുടങ്ങിയ അവശിഷ്ടം കണ്ടെത്തി. ൈഫ്ലയിങ് സ്ക്വാഡ് ഇവയെല്ലാം ആലത്തൂർ വനം റേഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ വിൽപന നടത്തിയതായി കരുതുന്ന കൊമ്പുകൾ കണ്ടെടുക്കാനുണ്ട്. കൊമ്പുകൾ തോമസ് പീറ്ററിന് നൽകിയെന്നാണ് ജയ്മോൻ വനം വകുപ്പിന് മൊഴി നൽകിയത്. തോമസ് പീറ്ററിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വനം വകുപ്പ് ചോദ്യം ചെയ്യും.
ആലത്തൂർ റേഞ്ച് ഓഫിസർ കെ.ആർ. കൃഷ്ണദാസ്, വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ. സലീം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. സുനിൽ, കെ. മുഹമ്മദ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. തോമസ് പീറ്റർ കാട്ടുപോത്തിനെ വേട്ടയാടിയ കേസിലും ജയ്മോൻ മാൻകൊമ്പ് പിടികൂടിയ കേസിലും മുമ്പ് പ്രതികളാണ്.
പാലക്കുഴിയിൽ െചരിഞ്ഞ ആനയുടെ ശരീരാവശിഷ്ടം പോസ്റ്റ്മോർട്ടം നടത്തിയതിൽ, വീഴ്ചയെ തുടർന്നുണ്ടായ ആഘാതമാണ് മരണ കാരണമെന്ന് തെളിഞ്ഞു. ആനയുടെ അവശിഷ്ടം കണ്ടെത്തിയ തോട്ടത്തിന് സമീപം 200 മീറ്റർ ഉയരത്തിൽ പാറയാണ്. ഇതിന് മുകളിൽനിന്ന് താഴെ വീണതാണെന്നാണ് നിഗമനം. 30 വയസ്സായിരുന്നു ആനക്ക്. തൃശൂർ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് അബ്രഹാമിെൻറ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.