കുട്ടികളെ ഉപയോഗിച്ചുള്ള മോഷണം; ആറ് വാഹനങ്ങൾ കണ്ടെടുത്തു
text_fieldsകോഴിക്കോട്: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനുപിന്നാലെ കണ്ടെടുത്തത് കവർന്ന നാല് ബൈക്കും രണ്ട് സ്കൂട്ടറും ഉൾപ്പെടെ ആറു വാഹനങ്ങൾ. നവംബർ ആറിന് ഫറോക്ക് പൊലീസ് അറസ്റ്റുചെയ്ത ചാത്തമംഗലം സ്വദേശി അരക്കംപറ്റ വാലിയിൽ വീട്ടിൽ രവിരാജിനെ (സെങ്കുട്ടി -24) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് നിരവധി വാഹന മോഷണങ്ങളുടെ വിവരങ്ങൾ ലഭ്യമായതും പിന്നാലെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനായതും.
കുട്ടികളെ ഉപയോഗിച്ചാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാവാത്ത രണ്ടുപേരും പിടിയിലായിരുന്നു. ഫറോക്ക്, കുന്ദമംഗലം, ടൗൺ, വടകര എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇയാൾ വാഹനങ്ങൾ മോഷ്ടിച്ചത്. ബൈക്കുകൾ വടകര, ടൗൺ, കുന്ദമംഗലം പൊലീസിന് അന്വേഷണ സംഘം കൈമാറി. ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തും എസ്.ഐ വിനയനും ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്.
ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് മോഷണം പോയ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് രവിരാജ് പിടിയിലായത്. തുടരന്വേഷണത്തിലാണ് മറ്റു പലയിടത്തെയും കവർച്ചക്കുപിന്നിൽ ഇയാളെന്ന് വ്യക്തമായത്. മാഹി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഇയാൾ കവർന്ന ബൈക്കുകൾ കടത്തിയിരുന്നത്. ഫറോക്ക് അസി. കമീഷണർ ഓഫിസിലെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ പി. അരുൺകുമാർ, എസ്.സി.പി.ഒ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖിൽബാബു, സുബീഷ് വേങ്ങേരി, അഖിൽ ആനന്ദ് എന്നിവരാണ് പ്രതിയെ പിടികൂടി ബൈക്കുകൾ കണ്ടെടുത്ത ടീമിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.