വണ്ടൂരിലെ മോഷണം; അന്തർ സംസ്ഥാന മോഷ്ടാവ് കട്ടർ റഷീദ് പിടിയിൽ
text_fieldsവണ്ടൂർ: മഞ്ചേരി റോഡിലെ കടയിൽ നടന്ന മോഷണത്തിൽ അന്തർ സംസ്ഥാന മോഷ്ടാവ് എടവണ്ണ പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല റഷീദ് എന്ന കട്ടർ റഷീദിനെ (50) പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടി.
കഴിഞ്ഞ 12ന് പുലർച്ചെ വണ്ടൂർ മഞ്ചേരി റോഡിലുള്ള കെ.എ.കെ സ്റ്റീൽസ് ആൻഡ് സിമന്റ് കടയിൽനിന്ന് 52,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് വണ്ടൂർ ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും മുഖം മറച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാനായിരുന്നില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പിടിയിലാകുമ്പോൾ പ്രതിയുടെ കൈവശം രണ്ട് ദിവസം മുമ്പ് കൂടത്തായിൽനിന്ന് മോഷ്ടിച്ച ബൈക്കും ബാഗിൽ കമ്പിപ്പാരയും കൈയുറകളും വ്യാജ നമ്പർ പ്ലേറ്റും ഉൾപ്പെടെ സാമഗ്രികളുമുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തും കടകൾ, വീടുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിൽ വർഷങ്ങളായി ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് പ്രതി.
വൈത്തിരി ജയിലിൽനിന്ന് ഒരു മാസം മുമ്പാണ് ജയിൽ മോചിതനായത്. മോഷ്ടിച്ച ബൈക്കിൽ പകൽ കറങ്ങിനടന്ന് വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് രീതി. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ ജാമ്യമില്ല വാറണ്ട് നിലവിലുണ്ട്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിന് എസ്.ഐ അബ്ദുൽ സമദ്, എ.എസ്.ഐ അനൂപ് കൊളപ്പാട്, അനൂപ്, ജയേഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.ടി. കൃഷ്ണകുമാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.