ആൺകുട്ടിയെ പ്രസവിച്ചില്ല, അമ്മയെ ജീവനോടെ ചുട്ടു കൊന്നു; പിതാവിന് ജയിൽശിക്ഷ വാങ്ങികൊടുത്ത് പെൺമക്കൾ
text_fieldsന്യൂഡല്‍ഹി: ആൺകുട്ടിയെ പ്രസവിക്കാത്തതിന് തങ്ങളുടെ കൺമുന്നിലിട്ട് അമ്മയെ ജീവനോടെ കത്തിച്ചുകൊന്ന പിതാവിന് വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ ജയിൽശിക്ഷ വാങ്ങികൊടുത്ത് പെൺമക്കൾ. മാനോജ് ബൻസാലിനെ (48) യാണ് ഉത്തർപ്രദേശ് ബുലന്ദ്ഷഹറിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകം നേരിട്ടു കണ്ട രണ്ട് പെൺമക്കളുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
2000ത്തിലാണ് മനോജ് കുട്ടികളുടെ മാതാവായ അനുവുനെ വിവാഹം കഴിക്കുന്നത്. അനു രണ്ടു പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കി. എന്നാൽ, ആണ്‍കുട്ടിയെ വേണമെന്നായിരുന്നു മാനോജിന്‍റെ ആഗ്രഹം. ഇതിനിടെ അഞ്ച് തവണയാണ് അനു ഗര്‍ഭഛിദ്രം നടത്തിയത്. ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണത്താല്‍ ഭര്‍ത്താവും ബന്ധുക്കളും അനുവിനെ മർദിക്കുന്നതും പീഡിപ്പിക്കുന്നതും പതിവായിരുന്നു. 2016 ജൂൺ 14നാണ് കുട്ടികളുടെ മാതാവിനെ മനോജ് തീ കൊളുത്തി കൊല്ലുന്നത്.
മക്കളെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടശേഷമായിരുന്നു ക്രൂരകൃത്യം. അമ്മയെ ജീവനോടെ കത്തിക്കുന്നത് കുട്ടികള്‍ നേരിട്ടു കണ്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അനു ജൂണ്‍ 20ന് മരിച്ചു. പിന്നാലെയാണ് മാതാവിന് നീതി തേടി മക്കളായ തന്യ (18), ലതിക ബന്‍സാല്‍ (20) എന്നിവർ നിയമപോരാട്ടം തുടങ്ങുന്നത്. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന്‍റെ ഫലമായാണ് പിതാവിനെ കോടതി ശിക്ഷിച്ചത്.
അനുവിന്‍റെ മാതാവാണ് ആദ്യം പരാതി നൽകിയത്. അമ്മക്ക് നീതി തേടി മൂത്ത മകൾ ലതിക അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്തെഴുതിയിരുന്നു. കത്തിലെ ചില ഭാഗങ്ങള്‍ സ്വന്തം രക്തം കൊണ്ടാണ് എഴുതിയിരുന്നത്. ആറു വർഷത്തെ പോരാട്ടത്തിനൊടുവിൽ പിതാവിന് ശിക്ഷ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.