കുന്നക്കാവിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ഗുരുതരാവസ്ഥയിൽ
text_fieldsപെരിന്തൽമണ്ണ: വീട്ടിൽ മോഷണത്തിന് എത്തിയയാളുടെ വെട്ടേറ്റ വയോധികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 2.30ഓടെ ഏലംകുളം കുന്നക്കാവ് വടക്കേക്കരയിലാണ് സംഭവം. പോത്തൻകുഴിയിൽ കല്യാണിക്കാണ് (75) വെട്ടേറ്റത്. വീട്ടിൽ കല്യാണിയും പേരമകൾ നീനയും മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ശബ്ദം കേട്ട് കല്യാണിയും നീനയും ഉണർന്നു. തുടർന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിലാണ് മോഷ്ടാവ് നീളമുള്ള വാക്കത്തികൊണ്ട് വെട്ടിയതെന്ന് കരുതുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളിൽ ചിലർ ഒരാൾ ഒടിരക്ഷപ്പെടുന്നത് കണ്ടതായി പറഞ്ഞു. പിറകെ ഓടിയെങ്കിലും സമീപത്തെ വയലിലൂടെ മോഷ്ടാവ് രക്ഷപ്പെട്ടു.
നെറ്റിയുടെ ഇടതുഭാഗത്താണ് കല്യാണിക്ക് വെട്ടേറ്റത്. ഇവരെ ആദ്യം പെരിന്തൽമണ്ണയിലെ ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുമാസം മുമ്പ് വിവാഹം കഴിഞ്ഞ നീന മുത്തശ്ശിയോടൊപ്പം താമസിക്കാൻ രണ്ടു ദിവസം മുമ്പാണ് എത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുപരിസരത്തുനിന്ന് കത്തി കണ്ടെത്തി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
നടുക്കത്തോടെ കുന്നക്കാവ് വടക്കേക്കര
പെരിന്തൽമണ്ണ: തനിച്ചു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ വയോധികയെ വെട്ടിയ സംഭവത്തിൽ നടുക്കത്തോടെ കുന്നക്കാവ് വടക്കേക്കര. അയൽവാസികൾ തക്കസമയത്തെത്തി ആശുപത്രിയിലെത്തിച്ചതാണ് ആശ്വാസമായത്.
പരിസരത്തുനിന്ന് ലഭിച്ച കത്തിയും വാതിൽ തകർത്ത രീതി പരിശോധിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂന്നു മാസം മുമ്പ് വിവാഹിതയായി പോയ പേരമകൾ താമസിക്കാൻ വിരുന്നെത്തിയതിന് പിറകെയാണ് മോഷണ ശ്രമം. യുവതിയുടെ സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് വന്നതെന്നും സംശയിക്കുന്നുണ്ട്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു വിവാഹമെന്ന് അയൽവാസികൾ പറഞ്ഞു. മോഷ്ടാവിനെ കണ്ട ബഹളം വെച്ച കല്യാണിക്ക് നേരെ കത്തിവീശിയാണ് അക്രമണമുണ്ടായതെന്ന് കരുതുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ കാണുന്നത് മോഷ്ടാവ് ഇറങ്ങി ഓടുന്നതാണ്.
പിറകെ ഓടിയെന്നും നീല ഷർട്ടും പാന്റും ധരിച്ചയാളാണെന്ന് വ്യക്തമായെന്നും അയൽവാസി പറഞ്ഞു. മോഷ്ടാവ് ഓടിയശേഷം അയൽവാസി ഷാജഹാൻ വീടിന്റെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും ഭയം കാരണം തുറന്നില്ലെന്നും പിന്നീട് ജനൽ വഴി വിളിച്ചപ്പോൾ ആളെ വ്യക്തമായ ശേഷമാണ് വാതിൽ തുറന്നതെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് തലയിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. ഓട്ടോ വിളിച്ച് ഷാജഹാൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് പത്തു മുതൽ ശനിയാഴ്ച പുലർച്ചെ നാലുവരെ വൈദ്യുതിയും ഉണ്ടായിരുന്നില്ല. കല്യാണിയുടെ തലക്ക് വെട്ടേറ്റിട്ടുണ്ടെന്നും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരുമെത്തി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
പെരിന്തൽമണ്ണ സ്റ്റേഷൻ ചുമതലയുള്ള എ.എസ്.പി കിരണിന്റെ നേതൃത്വത്തിൽ പൊലീസ് വീടും പരിസരവും പരിശോധന നടത്തി. പ്രദേശത്തുകാരുടെ സഹായത്തോടെയാണ് വീട് അറ്റകുറ്റപ്പണി നടത്തിയതും പേരമകളുടെ വിവാഹം നടത്തിയതും. മോഷ്ടാവിന്റെ ശബ്ദം കേട്ട് ബഹളം വെച്ചതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് വയോധികയെ വെട്ടിയതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.