വീട്ടമ്മമാരെ ലക്ഷ്യമിട്ട് പിടിച്ചുപറി സംഘം
text_fieldsകാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ച് പ്രായമായ വീട്ടമ്മമാരുടെ ആഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘം ഇടക്കാലത്തിനു ശേഷം വീണ്ടും പിടി മുറുക്കി. 24 മണിക്കൂറിനുള്ളിൽ ബേഡകത്തും ബേക്കലിലുമായി രണ്ട് പിടിച്ചു പറിക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ആയുർവേദ മരുന്ന് കടയിൽ കയറി ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ സ്ത്രീയുടെ കഴുത്തിൽ നിന്നും തട്ടിയെടുത്തത് മൂന്ന് പവൻ മാലയാണ്. പടുപ്പിലെ ഫാർഥന്റെ ഭാര്യ എൻ. തങ്കമ്മയുടെ (78) സ്വർണ മാലയാണ് കവർന്നത്. പടുപ്പിൽ ആയുർവേദ കട നടത്തുകയാണ് തങ്കമ്മ. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗ സംഘം മരുന്ന് കടയുടെ അകത്തു കയറി ആഭരണം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആയമ്പാറ മേപ്പാട്ടും പിടിച്ചുപറി നടന്നത് തിങ്കളാഴ്ച ഉച്ചക്കാണ്. വീട്ടമ്മയുടെ രണ്ട് പവൻ മാല ഇരുചക്ര വാഹനത്തിലെത്തിയ പ്രതി പിടിച്ചു വലിച്ചു കൊണ്ട് പോയി. ആയമ്പാറ മേപ്പാട്ട് റോഡിൽക്കൂടി നടന്നു പോകുകയായിരുന്ന നാരായണിയുടെ (65) കഴുത്തിൽ നിന്നാണ് ആഭരണം കവർന്നത്. വെള്ള സ്കൂട്ടറിൽ വന്ന കറുത്ത ഷർട്ട് ധരിച്ച ഒരാൾ രണ്ടു പവനോളം തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ച് സ്ഥലം വിടുകയായിരുന്നു.
പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് നടന്ന പിടിച്ചു പറിക്ക് സമാനമായ രീതിയിലാണ് ഇപ്പോഴത്തെയും പിടിച്ചു പറി. മുഖം മറച്ചും ഹെൽമറ്റുധരിച്ചുമെത്തിയാണ് പിടിച്ചു പറി നടത്തുന്നത്.
തനിച്ച് നടന്നു പോകുന്ന വീട്ടമ്മമാരാണ് പലപ്പോഴും കവർച്ചക്കിരയാകുന്നത്. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തി കഴുത്തിലെ ആഭരണം പൊട്ടിച്ച് സംഘം ഞൊടിയിടയിൽ കടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.