പിടിക്കപ്പെടാതിരിക്കാൻ മതം മാറി, മോഷ്ടാവ് വിനായകൻ വഹാബായത് ഇങ്ങനെ...
text_fieldsഅഞ്ചല്‍: മോഷണക്കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഇഞ്ചക്കല്‍ വീട്ടില്‍ വിനായകന്‍ ഒളിവില്‍ കഴിഞ്ഞത് മതം മാറി വഹാബ് എന്ന പേരിൽ. പഴയ കേസുകളില്‍ കോടതി വാറൻറ് പുറപ്പെടുവിച്ചതോടെയാണ് വിനായകന്‍ തന്‍റെ പേര് മാറ്റി വഹാബ് എന്ന പേര് സ്വീകരിച്ചത്. മതം മാറി വേറെ പേരില്‍ ഇയാള്‍ ജീവിക്കാന്‍ തുടങ്ങിയതോടെ വാറന്‍റുമായെത്തിയ പൊലീസുകാരും ആളെ അറിയാതെ വട്ടംചുറ്റിയിരുന്നു. ഇയാള്‍ കോട്ടയം, കൊല്ലം ജില്ലകളിലെ നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. 10 വര്‍ഷം മുമ്പ് പത്തനാപുരം കുണ്ടയത്തുള്ള ഒരു വീട്ടില്‍ മോഷണം നടത്തവെ, വീട്ടിനുള്ളില്‍ കുടുങ്ങിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട്, ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും മോഷണം പതിവാക്കി. തുടര്‍ന്നാണ് പൊലീസിനെ വെട്ടിക്കാൻ പുതിയ പേരിൽ ജീവിച്ചത്. എട്ടുമാസം മുമ്പ് അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇടയത്ത് രാത്രിയില്‍ വീടിന്‍റെ ജനാല കുത്തിത്തുറന്ന് ആറ് പവന്‍ സ്വര്‍ണമാലയും 13000 രൂപയും കവർന്നിരുന്നു.
ഒരു മാസം മുമ്പ് ഇതേ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അസുര മംഗലത്തെ വീട്ടില്‍ നിന്ന് രണ്ട് പവന്‍റെ പാദസരവും 15000 രൂപയും കവര്‍ന്നിരുന്നു. ഈ രണ്ടിടങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പഴയ കേസിലെ വിരലടയാളങ്ങളുമായി താരതമ്യപ്പെടുത്തിനോക്കിയപ്പോഴാണ് വിനായകനാണ് മോഷണത്തിനു പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടത്തെ ലോഡ്ജില്‍ നിന്ന് ഇയാളെ അഞ്ചല്‍ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.