വിരലടയാളം തെളിവായി; 17 വര്‍ഷത്തിനുശേഷം മോഷ്ടാക്കൾ പിടിയിൽ
text_fieldsപത്തനംതിട്ട: 17 വര്‍ഷം മുമ്പ് നടന്ന മോഷണക്കേസില്‍ രണ്ട് പ്രതികളെ വിരലടയാളം സാമ്യമായതിനെത്തുടര്ന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. 2004 സെപ്റ്റംബറില്‍ പത്തനംതിട്ട കോളജ് ജങ്ഷനിലെ വീട്ടില്‍നിന്ന് ഇരുപത്തിരണ്ടേമുക്കാല്‍ പവനും വജ്രമാലയും ഒരുലക്ഷത്തി അയ്യായിരം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്.
കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പര്‍ 27ല്‍ എഴിക്കാട് രാജന് എന്ന രാജന് (56), കൊടുമണ്‍ ഐക്കാട് വളക്കട ജങ്ഷനില്‍ താഴെമുണ്ടക്കല് വീട്ടില്‍ സുരേഷ് (52) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ജി. സുനിലും സംഘവും പിടികൂടിയത്. വിവിധ ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയും സ്ഥിരം മോഷ്ടാവുമായ എഴിക്കാട് രാജന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണലയം മുളവുകാട് വീട്ടിലാണ് താമസിക്കുന്നത്. സുരേഷും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇരുവരും പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രാത്രി വീടിെൻറ ഗ്രില്ലും പൂട്ടും തകര്‍ത്ത് അകത്തുകടന്ന പ്രതികള്‍, കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പ്രതികളെ കിട്ടാതെവന്നപ്പോള്‍ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിെവച്ചിരുന്നു. ഈയിടെ തിരുവനന്തപുരത്ത് നടന്ന മോഷണ കേസില്‍ അറസ്റ്റിലായ രാജെൻറയും കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ കേസില്‍ പിടിക്കപ്പെട്ട സുരേഷിെൻറയും വിരലടയാളങ്ങള്‍ മോഷണം നടന്ന വീട്ടിൽ കണ്ടെത്തിയതിന് സമാനമാണെന്ന് തെളിഞ്ഞതാണ് വഴിത്തിരിവായത്. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി. ബിജുലാല്‍, വിരലടയാള പരിശോധന വിദഗ്ധരായ ശൈലജകുമാരി, ശ്രീജ, രവികുമാര്‍, എ.എസ്.ഐ സുനിലാല്‍ എന്നിവരുള്‍പ്പെട്ട സംഘം കണ്ടെത്തിയ വിവരങ്ങള്‍ ജില്ല പോലീസ് മേധാവി ആര്. നിശാന്തിനിയെ അറിയിക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.