മദ്യപിക്കാൻ പണം നൽകിയില്ല; സുഹൃത്തുക്കളെയടക്കം വെട്ടിയശേഷം അക്രമി രക്ഷപ്പെട്ടു
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ജങ്ഷനിൽ സുഹൃത്തുക്കളടക്കം നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9.15 ഓടെ മെഡിക്കൽ കോളജ് എ.സി.ആർ ലാബിനു മുൻവശം സ്വകാര്യ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് സംഭവം. പ്രദേശത്ത് കരിക്ക് കച്ചവടം ചെയ്യുന്ന മെഡിക്കൽ കോളജ് കിഴങ്ങുവിളയിൽ സുരേഷ് ആണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശ്രീകാര്യം യുവശക്തിനഗർ സ്വദേശി ശിവകുമാർ (37), ശ്രീകാര്യം സ്വദേശി സലീഷ് (40), ഷാജി (40), അരുൺ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ അരുൺ അക്രമം തടയാനെത്തിയയാളാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കഴുത്തിലാണ് പരിക്ക്. ഏഴ് തുന്നലുണ്ട്. ശിവകുമാറിന് നെഞ്ചിലും ഇടതുകൈക്കുഴയിലും വെട്ടേറ്റെങ്കിലും സാരമായ പരിക്കില്ല. സലീഷിന് മുതുകിലും തലയുടെ പിൻഭാഗത്തുമാണ് പരിക്ക്. കാറിലെത്തിയ സംഘവുമായി പ്രതി സംസാരിക്കുകയും തുടർന്ന് പ്രകോപിതനായി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സുരേഷ് ഇവരെ മദ്യപിക്കാൻ വിളിച്ചുവരുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. സംഭവശേഷം സുഹൃത്തുക്കളിൽ ചിലർ കാറുമായി രക്ഷപ്പെട്ടു.
പരിക്കേറ്റവർ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നും പ്രതിയെ പിടികൂടിയ ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു. സംഭവശേഷം കാറിൽ രക്ഷപ്പെട്ടവർ രണ്ടുപേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ ഡെൻറൽ കോളജ് പാർക്കിങ് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും സുരേഷ് പ്രതിയാണ്. ഈ കേസിൽ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റവരിൽ ഒരാളൊഴികെ മറ്റുള്ളവർ ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.