കത്തിവീശി ഭീഷണിപ്പെടുത്തി; മുഖ്യപ്രതി പിടിയിൽ
text_fieldsകുറ്റിപ്പുറം: തങ്ങൾപടിയിൽ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. തിരൂർ പറവണ്ണ സ്വദേശി അരയന്‍റെ പുരയ്ക്കൽ ഫെമിസാണ് (29) പിടിയിലായത്. ഇയാൾ തിരൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ലഹരിവിതരണ സംഘത്തിലെ പ്രധാന കണ്ണിയുമാണ്. സംഭവശേഷം എറണാകുളത്തേക്ക് മുങ്ങിയ പ്രതി ഇടുക്കിയിൽ വിവിധ ലോഡ്ജുകളിൽ താമസിച്ച് വരുകയായിരുന്നു. ഇതിനിടെ കാമുകിയെ കാണാൻ പോകവെയാണ് അന്വേഷണ സംഘത്തിന്‍റെ വലയിലായത്.
തിരൂർ പറവണ്ണ സ്വദേശി മാങ്ങാട്ടയിൽ ആഷിഖ്, കൂട്ടായി ഐദ്രൂന്‍റെ വീട്ടിൽ നിസാമുദ്ദീൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തങ്ങൾപ്പടിയിൽ രാത്രി ചായ കുടിക്കാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഇത് ചോദ്യം ചെയ്ത ഒരാളെ മർദിക്കുകയും നാട്ടുകാർ പ്രതികളെ വളഞ്ഞപ്പോൾ സംഘത്തിലെ ഒരാൾ കത്തിയൂരി കുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത കുറിപ്പുറം പൊലീസ് വിവിധയിടങ്ങളിലെ സി.സി.ടി.വി പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ തിരൂർ ഭാഗത്ത് നിരന്തരം കുഴപ്പമുണ്ടാക്കുന്നവരും ലഹരി സംഘത്തിൽപെട്ടവരുമാണെന്ന് തുടരന്വേഷണത്തിൽ മനസ്സിലായി. തുടർന്ന് തിരൂർ പൊലീസിന്‍റെ സഹായത്തോടെ രണ്ട് പ്രതികളെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. മറ്റൊരു കൂട്ടുപ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്.ഐ പ്രമോദ്, എ.എസ്.ഐമാരായ അബ്ദുൽ മജീദ്, ജയപ്രകാശ്, എസ്.സി.പി.ഒ രാജേഷ്, ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.