വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്ന്
text_fieldsകൊല്ലം: ഗാർഹിക പീഡനത്തെ തുടർന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലമേൽ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടിലേക്ക് കത്ത് എത്തിയത്.
പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറണമെന്നും പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്നും കത്തിൽ പറയുന്നു. പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാകുമെന്നും കത്തിൽ പരാമർശമുണ്ട്.
ഭീഷണിക്കത്ത് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ ചടയമംഗലം പൊലീസിന് കൈമാറി. ത്രിവിക്രമൻ നായരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കത്തെഴുതിയത് പ്രതി കിരൺ കുമാറാകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിക്കുന്നത്. കേസിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ജൂൺ 21നാണ് നിലമേല്‍ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകളും പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐ.എസ് കിരണിെൻറ ഭാര്യയുമായ വിസ്മയ (24) അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുെന്നങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിന്റെ നിരവധി തെളിവുകൾ പുറത്തുവരികയും ചെയ്തു. തുടർന്ന് നടത്തിയ അേന്വഷണത്തിൽ സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. സംഭവദിവസവും ഇത് ആവർത്തിച്ചിരുന്നു. ഇതാണ് വിസ്മയയുടെ മരണത്തിന് ഇടയാക്കിയത്. കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട കിരൺ ഇപ്പോഴും ജയിലിലാണ്.
ഗാർഹിക-സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കിരണിനെ പിന്നീട് സർവിസിൽ നിന്ന് പിരിച്ചുവിട്ടു. ഡി.ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസിന്റെ അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.