മംഗളൂരുവിൽ സാമുദായിക കലാപത്തിന് ശ്രമം, മൂന്ന് പേർ അറസ്റ്റിൽ; വാൾമുനയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട യുവാവ് ചികിത്സയിൽ
text_fieldsമംഗളൂരു: രാത്രി ഒറ്റക്ക് നടന്നു പോവുകയായിരുന്ന യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം.ജി. ഷെട്ടി കോളജ് റോഡിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ കുളൂർ പഞ്ചിമുഗറു ദനുഷ് ഗ്രൗണ്ട് പരിസരത്ത് താമസിക്കുന്ന ചരൻ രാജ് എന്ന ചരൺ ഉരുണ്ടഡിഗുഡ്ഡെ(23), സൂറത്ത്കൽ ഹൊസബെട്ടുവിലെ സുമന്ത് ബർമൻ(24), കോഡിക്കൽ സുങ്കതകട്ട കൽബാവി റോഡിലെ കെ. അവിനാശ്(24) എന്നിവരാണ് അറസ്റ്റിലായത്.
കാവൂർ ശാന്തി നഗറിൽ താമസിക്കുന്ന കെ. ശുഐബാണ്(28) ഞായറാഴ്ച രാത്രി അക്രമത്തിന് ഇരയായത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തന്നെ സ്കൂട്ടറിൽ വന്ന സംഘം തടഞ്ഞ് കുപ്പായത്തിന്റെ പിറകിൽ ഒളിപ്പിച്ച വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശുഐബ് പൊലീസിനോട് പറഞ്ഞു. കുതറി മാറിയതിനാൽ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടുന്നതിനിടെ അക്രമികൾ കല്ലെറിഞ്ഞും പരിക്കേല്പിച്ചു.
അറസ്റ്റിലായ ചരണിനെതിരെ ഉർവ, പണമ്പൂർ പൊലീസ് സ്റ്റേഷനുകളിൽ ഓരോന്നും കാവൂർ സ്റ്റേഷനിൽ മൂന്നും കേസുകളുണ്ട്. സുമന്ത് പണമ്പൂർ, ബാർകെ സ്റ്റേഷനുകളിൽ ഓരോന്നും കാവൂരിൽ രണ്ടും കേസുകളിൽ പ്രതിയാണ്. ഉർവ സ്റ്റേഷനിൽ നാലും കങ്കനാടിയിൽ ഒന്നും കേസുകൾ അവിനാശിന് എതിരെയുണ്ട്.
ശുഐബിനെ അപായപ്പെടുത്തി സാമുദായിക സംഘർഷം സൃഷ്ടിക്കാൻ നടത്തിയ അക്രമം എന്ന നിഗമനത്തിൽ എത്തിയ പൊലീസ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു. മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് ആർ. ജയിന്റെ നിർദേശമനുസരിച്ച് അസി. പൊലീസ് കമീഷണർ മനോജ് കുമാർ, ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ അംശുകുമാർ, ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.