മോഷണ ഗൂഢാലോചനക്കിടെ മൂന്ന് പേർ അറസ്റ്റിൽ
text_fieldsപരപ്പനങ്ങാടി: ഭവനഭേദന, മോഷണ കേസുകളിൽ നേരേത്ത ശിക്ഷ ലഭിച്ച മൂന്നു പേരെ മോഷണം നടത്താനുള്ള ഗൂഢാലോചനക്കിടെ അറസ്റ്റ് ചെയ്തതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി കീരനെല്ലൂർ ന്യൂ കട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് രാത്രി 11ന് ഓട്ടോറിക്ഷയിൽ മദ്യപിച്ചിരുന്ന മൂന്നംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
പേരാമ്പ്ര സ്വദേശിയായ മറ്റക്കാട് അഭിലാഷ് എന്ന അഭിലാഷ്, പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ സ്പൈഡർ സലാം എന്ന അബ്ദുൽ സലാം, തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയായ കുഞ്ഞൂട്ടി എന്ന ഷൈജു എന്നിവരാണ് പിടിയിലായത്. മൂന്നു പേർക്കെതിരെ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ പല സ്റ്റേഷനുകളിൽ നിരവധി മോഷണ, കഞ്ചാവ് കച്ചവട, അടിപിടി കേസുകളുണ്ടെന്ന് പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് പറഞ്ഞു.
ഓട്ടോയിൽനിന്ന് ഇരുമ്പുപാരയും ഹാർഡ്സോ േബ്ലഡുകളും കണ്ടെടുത്തു. കടകളുടെ താഴുകളും വീടുകളുടെ പിറകുവശത്തെ വാതിൽ പൊളിച്ചും മോഷണം നടത്തുന്ന സ്വഭാവമുള്ള ഇവർ പകൽ ഓട്ടോയിൽ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് വിശദമാക്കി. പിടിയിലായ സ്പൈഡർ സലാമിനെ 2019ൽ രണ്ടുകിലോ കഞ്ചാവുമായി താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിരവധി കോടതികളിൽ പ്രതികൾക്കെതിരെ വാറൻറുകളും എൽ.പി വാറൻറുകളും നിലവിലുണ്ട്. പരപ്പനങ്ങാടി അഡീ. എസ്.ഐ ബാബുരാജൻ, എസ്.ഐ സുരേഷ്, പൊലീസുകാരായ ജിതിൻ, സഹദേവൻ, ഫൈസൽ, ദീപു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.