സ്വർണവ്യാപാരിയെ ആക്രമിച്ച് നൂറു പവനോളം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ
text_fieldsമംഗലപുരം (തിരുവനന്തപുരം): സ്വർണവ്യാപാരിയുടെ കാർ തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപിച്ച് നൂറ് പവനോളം കവർന്ന കേസിലെ മുഖ്യ ആസൂത്രകർ പിടിയിൽ. ചെന്നൈയിൽ താമസിക്കുന്ന ബാലരാമപുരം സ്വദേശി സന്തോഷ് ക്ലമന്‍റ് (56), കന്യാകുമാരി പളുകൽ സ്വദേശി സതീഷ് കുമാർ (40), പാലക്കാട് ആലത്തൂർ സ്വദേശി അജീഷ് (30), എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം ദേശീയപാതയിൽ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
സ്വർണവ്യാപാരിയായ സമ്പത്തിന്‍റെ നെയ്യാറ്റിൻകര ജ്വല്ലറിയിലെ ജീവനക്കാരനാണ് അജീഷ്. മറ്റ് ജ്വല്ലറികളിലേക്ക് സമ്പത്ത് സ്വർണം കൊണ്ടു പോകുന്നതിനൊപ്പം പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം സുഹൃത്തും ലോറിഡ്രൈവറുമായ സതീഷനോട് പറയുകയായിരുന്നു. സതീഷാണ് റിയൽ എസ്റ്റേറ്റ്കാരനായ സന്തോഷിനോട് വിവരം പറഞ്ഞ് കവർച്ചക്കുള്ള പദ്ധതി തയാറാക്കിയത്. സന്തോഷിന്‍റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ ക്വേട്ടഷൻ സംഘത്തെ കൊണ്ട് കവർച്ച നടപ്പാക്കിയത്. കവർച്ചക്കുള്ള സ്ഥലം തിരുവനന്തപുരം ജില്ലയിൽ ആയതിനാലാണ് കഴക്കൂട്ടത്തുള്ള സംഘത്തെ സന്തോഷ് കവർച്ചക്കായി ഉപയോഗിച്ചത്.
ഇതിനായി സംഘം രണ്ട് മാസത്തോളം സമ്പത്തിനെ പിന്തുടർന്ന് യാത്രകൾ മനസ്സിലാക്കി വലിയ തയാറെടുപ്പ് നടത്തി. ഏപ്രിൽ ഒമ്പതിന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം സമ്പത്തിന്‍റെ വാഹനം തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് കാർ ഉൾപ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടത്. എന്നാൽ, വാഹനം സ്റ്റാർട്ട് ആകാത്തതിനാൽ സ്വർണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സമ്പത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് വാഹനത്തിന്‍റെ ഡ്രൈവറെയും സമ്പത്തിന്‍റെ ബന്ധുവിനേയും മർദിച്ച് തട്ടിക്കൊണ്ടുപോയി പോത്തൻകോട് വാവറ അമ്പലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി. കവർച്ചയുമായി ബന്ധപ്പെട്ട് 40 പവനോളം സ്വർണവും ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വർണ വ്യാപാരി സമ്പത്തിന്‍റെ കാറിൽ കണക്കില്ലാതെ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ചു. മുഖ്യ ആസൂത്രകനായ സന്തോഷിന്‍റെ തമിഴ്നാട്ടിലെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായ സതീഷ് തമിഴ്നാട്ടിൽ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന കേസിലെ പ്രതിയാണ്.
മുഖ്യആസൂത്രകർ പിടിയിലായതോടെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്ന് മംഗലപുരം ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.