അന്തർ സംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന മൂന്നംഗ സംഘം പിടിയിൽ
text_fieldsകോഴിക്കോട്: അന്തർ സംസ്ഥാന തൊഴിലാളികളുടെ പണം അപഹരിച്ച സംഘത്തിലെ മൂന്നുപേരെ കസബ പൊലീസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. തലക്കുളത്തൂർ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (30), പന്നിയങ്കര അർഷാദ് മൻസിലിൽ അക്ബർ അലി (25), അരക്കിണർ പി.കെ. ഹൗസിൽ അബ്ദുൽ റാഷിദ് (25) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ടയാൾക്കായി അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പണം കവർച്ച ചെയ്ത സംഘത്തിലൊരാൾ അത് ഒളിപ്പിച്ചത് മലദ്വാരത്തിലായിരുന്നു.
തൊണ്ടിമുതൽ കണ്ടെത്താൻ ശാസ്ത്രീയ വഴികൾ തേടി വട്ടംകറങ്ങിയ പൊലീസ് പ്രതിയുമായി ആശുപത്രികൾ കയറിയിറങ്ങി ഒടുവിൽ ഡോക്ടർമാരുടെ സഹായത്തോടെ അപഹരിച്ച മുതലിൽ ഒരുഭാഗം കണ്ടെത്തി. പ്രതികൾ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തുടർന്ന് ഫറോക്ക് എസ്.ഐ ബാലചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് പ്രതികളിലൊരാൾ പണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. അതോടെ പ്രതിയുമായി പൊലീസ് കോഴിക്കോട് ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും പണം കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണമെന്നും അതിനുള്ള സൗകര്യം ഇവിടെയില്ലെന്നും ഡ്യൂട്ടി ഡോക്ടർ അറിയിക്കുകയായിരുന്നു. കൂടുതൽ സാങ്കേതിക വൈദ്യസഹായത്തിനായി കസബ പൊലീസ് പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
സർജറി വിഭാഗത്തിന്റെ വിദഗ്ധ സഹായത്തോടെയാണ് കവർച്ച നടത്തിയ പണത്തിന്റെ ഒരുഭാഗം പൊലീസ് കണ്ടെടുത്തത്. സബ് ഇൻസ്പെക്ടർ വി.പി. ആൻറണി, എ.എസ്.ഐ ജയന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ സതീശൻ, വിഷ്ണുപ്രഭ, ഹോം ഗാർഡ് ദിനേശ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.