പിതാവ് മരിച്ചതോടെ തെരുവിൽ കഴിഞ്ഞ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ
text_fieldsപാൽഗാർ: മഹാരാഷ്ട്രയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. പാൽഗാർ ജില്ലയിലെ വാസൈയിലാണ് സംഭവം. 2020 നവംബർ മുതൽ ഒരു വർഷത്തോളമായി പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു പ്രതികൾ.
പെൺകുട്ടിയുടെ അമ്മ ഉപേക്ഷിച്ച് പോയതോടെ വാടക വീട്ടിൽ പിതാവിനൊപ്പമായിരുന്നു താമസം. എന്നാൽ, 2020 നവംബറിൽ പിതാവ് മരിച്ചതോടെ പെൺകുട്ടിയോട് വീട് ഒഴിഞ്ഞുനൽകാൻ വീട്ടുടമ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വാസൈയിലെ വഴിയരികിലായിരുന്നു താമസം.
ആഗസ്റ്റ് മൂന്നിന് വാസൈ റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞുതിരിഞ്ഞ പെൺകുട്ടിയെ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പെൺകുട്ടിയോട് വിവരങ്ങൾ തിരക്കിലെങ്കിലും മാനസിക വിഷമത്തിലായിരുന്നതിനാൽ വെളിപ്പെടുത്തിയില്ല. അതിനാൽ കുട്ടിയെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും എൻ.ജി.ഒകൾ കുട്ടിയുമായി സംവദിക്കുകയും ചെയ്തു. 17കാരിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ബലാത്സംഗത്തിന് ഇരയായതായി തെളിയുകയും ചെയ്തതായി ഡെപ്യൂട്ടി കമീഷണർ (റെയിൽവേ) പ്രദീപ് ചവാൻ പറഞ്ഞു.
പ്രതികളിലൊരാളുടെ പേര് അജയ് ആണെന്ന് പിന്നീട് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മാനസിക ആരോഗ്യത്തിൽ പുരോഗതിയുണ്ടായതോടെ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.
പിതാവ് മരിച്ചതോടെ വഴിയരികിൽ താമസമാക്കിയ പെൺകുട്ടിയെ നിരന്തരം പ്രതികൾ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട് സി.സി.ടി.വിയുടെ സഹായത്തോടെ മുഖ്യപ്രതി 34കാരനായ അജയ് കുമാർ വിനോട് ജയ്സ്വാളിനെ പൊലീസ് പിടികൂടുകയായിരുന്നു. അജയ്യെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളായ മുന്ന യാദവ്(28), അക്രം ചൗധരി(34) എന്നിവരെ പൊലീസ് പിടികൂടി. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.