ലോറിയിൽ കടത്തിയ രണ്ടര ക്വിന്‍റൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
text_fieldsതിരൂർ (മലപ്പുറം): ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 230 കിലോഗ്രാം കഞ്ചാവുമായി തിരൂരിൽ മൂന്നുപേർ പിടിയിൽ. തൃശ്ശൂർ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തിൽ ദിനേശൻ എന്ന വാവ ദിനേശൻ (37), മറ്റത്തൂർ ഒമ്പതിങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ ബിനീത് എന്ന കരിമണി ബിനീത് (31), പാലക്കാട് ആലത്തൂർ കാവശ്ശേരി സ്വദേശി പാലത്തൊടി മനോഹരൻ(31) എന്നിവരാണ് പിടിയിലായത്.
ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ കഞ്ചാവാണിത്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിലുൾപ്പെട്ട അന്തർ സംസ്ഥാന കഞ്ചാവ് മാഫിയാ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് തിരൂർ പൊലീസ് അറിയിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ചരക്ക് ലോറികളിൽ വൻതോതിൽ കഞ്ചാവെത്തിക്കുന്ന തൃശ്ശൂർ, പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെകുറിച്ച് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.
തിരൂർ ചമ്രവട്ടം പാലത്തിനടുത്ത് വച്ച് ലോറിയുമായി പ്രതികളെ തിരൂർ സി.ഐ. എം.ജെ. ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പാെലീസ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വച്ച് ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പാെലീസിൻ്റെ വലയിലായത്. കർണാടകയിൽ നിന്നും ലോറി വാടകക്കെടുത്ത് ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അഞ്ഞൂറു രൂപ മുതൽ കഞ്ചാവ് വില കൊടുത്ത് വാങ്ങി കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഏജൻ്റുമാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്. പിടികൂടിയ കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടിയിലധികം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
കോയമ്പത്തൂർ, ബാംഗ്ലൂർ ഭാഗങ്ങളിലെ മൊത്തക്കച്ചവടക്കാർക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും ആവശ്യമനുസരിച്ച് പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുന്ന സംഘത്തിൽ പെട്ടവരാണ് പാെലീസിൻ്റെ പിടിയിലായത്. മുഖ്യ പ്രതി ദിനേശൻ്റെ പേരിൽ തൃശ്ശൂർ , എറണാകുളം ജില്ലകളിലായി വിവിധ സ്റ്റേഷനുകളിൽ വധശ്രമക്കേസുകളും സ്പിരിറ്റ് കേസും എക്സ്പ്ലോസ്സിവ് കേസും നിലവിലുണ്ട്. കരിമണി ബിനീതിൻ്റെ പേരിൽ തൃശ്ശൂർ ജില്ലയിൽ വധശ്രമക്കേസുകൾ, തീവെപ്പുകേസ്, കഞ്ചാവുകേസ് എന്നിവയുൾപ്പടെ പതിനെട്ടോളം കേസുകളുണ്ട്. മനോഹരൻ്റെ പേരിൽ പാലക്കാട് ജില്ലയിൽ ആലത്തിയൂർ, കൊഴിഞ്ഞാമ്പാറ പാെലീസ് സ്റ്റേഷനുകളിൽ വധശ്രമക്കേസുകളും കഞ്ചാവുകേസും നിലവിലുണ്ട്. മൂന്നു പ്രതികളും ജയിൽ ശിക്ഷ കഴിഞ്ഞവരും ജാമ്യത്തിലിറങ്ങിയവരും കേസുകളിൽ അറസ്റ്റ് വാറണ്ട് നിലവിലുള്ളവരുമാണ്.
തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി. ഷംസ്, തിരൂർ സി.ഐ. എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. തിരൂർ സി.ഐ. എം.ജെ. ജിജോ, എസ്.ഐ. ജലീൽ കറുത്തേടത്ത്, പ്രത്യേക സംഘത്തിലെ കെ.പ്രമോദ് , സി.പി സന്തോഷ്, എ.ജയപ്രകാശ് , സി.വി രാജേഷ്, എൻ.ടി. കൃഷ്ണകുമാർ , പ്രശാന്ത്പയ്യനാട് , എം.മനോജ്കുമാർ , കെ.ദിനേശ് , പ്രഫുൽ, സന്തോഷ്കുമാർ , ദിൽജിത്ത്,സക്കീർ കുരിക്കൾ , തിരൂർ സ്റ്റേഷനിലെ എസ്.ഐ മധു, ഹരീഷ്, അരുൺ, കൃപേഷ്, അക്ബർ, എ.എസ്.ഐ ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.