മൊബൈൽ ഫോൺ കടയിലെ മോഷണക്കേസിൽ പിടിയിലായത് പ്രായപൂർത്തിയാകാത്ത മൂന്നുപേർ
text_fieldsഎടക്കര: ടൗണിലെ പ്ലാസ മൊബൈൽസിൽ നടന്ന മോഷണ കേസിന് തുമ്പായി. പ്രായപൂർത്തിയാകാത്ത മൂന്ന് ബാലൻമാരാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഒക്ടോബർ 31ന് രാത്രി മൂന്ന് മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളുമാണ് നഷ്ടപ്പെട്ടത്. എടക്കര പൊലീസ്, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിെൻറ നിർദേശ പ്രകാരം എടക്കര ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാലും പ്രത്യേക അന്വേഷണ സംഘവും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്.
ചുങ്കത്തറ ഭാഗത്തുനിന്ന് രാത്രി രണ്ടോടെ എടക്കര ഭാഗത്തേക്ക് വന്ന മൂന്നുപേർ സഞ്ചരിച്ച ആഡംബര ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് ബാലന്മാരാണ് കളവു നടത്തിയതെന്നു തെളിഞ്ഞത്. സംഘത്തിലെ സൂത്രധാരനെ ബുധനാഴ്ച എടക്കര ടൗണിൽ കറങ്ങി നടക്കുന്നതിനിടെ പിടികൂടി വീട്ടുകാരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
വാടകക്കെടുത്ത ബൈക്കിൽ പ്രദേശത്തെ ഒരു ടർഫിൽ കളിക്കാനെത്തിയ ശേഷം മൂന്നുപേരും രാത്രി എടക്കര ടൗണിലെത്തി പരിസരം വീക്ഷിച്ച് ഒരാളെ കാവൽ നിർത്തിയാണ് പൂട്ട് തകർത്ത് അകത്തുകയറി മോഷണം നടത്തിയതെന്നാണ് മൊഴി. ശേഷം സംഘത്തലവൻ ബൈക്കിൽ എല്ലാവരേയും വീട്ടിൽ തിരിച്ചെത്തിച്ച ശേഷം പിറ്റേദിവസം മഞ്ചേരിയിൽ ഫോൺ വിൽപന നടത്തുകയും ഈ പണം കൊണ്ട് വാടകക്കെടുത്ത ബൈക്കിൽ ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തുകയും ചെയ്തു. അവിടെനിന്ന് ഒരു പഴയ ബൈക്ക് 10,000 രൂപക്ക് വാങ്ങിയാണ് മടങ്ങിയത്.
കളവ് നടത്തിയ മറ്റു രണ്ട് ഫോണുകൾ വെബ്സൈറ്റ് വഴി ബത്തേരിയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് 15,000 രൂപക്ക് വിൽപന നടത്തുകയും ചെയ്തു. ഇവർ ഉപയോഗിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ബാലന്മാരെ മൂന്നുപേരെയും പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി. ഇൻസ്പെക്ടർക്ക് പുറമെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ എം. അസൈനാർ, അബൂബക്കർ, എസ്.സി.പി.ഒ സി.എ. മുജീബ്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, കെ.ടി. ആഷിഫ് അലി എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.