കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ
text_fieldsകോട്ടയം: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ. കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. ഷാജൻ, എം.ആർ. അനിൽ, അജിത് ശിവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരെയും ഏജന്റ് രാജീവനെയും പ്രതിയാക്കി കോട്ടയം യൂനിറ്റ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന വ്യാപകമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ കഴിഞ്ഞമാസം 20ന് നടത്തിയ ‘ഓപറേഷൻ ഓവർലോഡ്’ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എം.സി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ക്വാറി ഉൽപന്നങ്ങളുടെ അമിത ലോഡുമായി പോയ വട്ടുകുളം സ്വദേശി രാജീവിന്റെ ഉടമസ്ഥതയിലുള്ള മഹാദേവൻ എന്ന ടോറസ് ലോറിയടക്കം പിടികൂടി.
രാജീവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഗൂഗിൾപേ വഴി ഈ മൂന്ന് ഉദ്യോഗസ്ഥർക്കും ആറുലക്ഷം രൂപ മാസപ്പടിയായി നൽകിയതായി കണ്ടെത്തി. ഒരു ലോറിക്ക് 7500 രൂപ വീതമാണ് മാസപ്പടി വാങ്ങിയിരുന്നത്. രാജീവ് ആയിരുന്നു മാസപ്പടി ഏജന്റ്. അടിച്ചിറയിൽ ഇവർ താമസിച്ചിരുന്ന വീടിന്റെ വാടക 16,000 രൂപ നൽകിയിരുന്നതും രാജീവ് ആയിരുന്നു.
ഷാജന്റെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞവർഷം ഡിസംബർ ആറുമുതൽ ജനുവരി 17വരെ 2,64,000 രൂപയും അനിലിന്റെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് ആഗസ്റ്റ് 24 മുതൽ 30വരെ 23,000 രൂപയും അജിത്തിന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞവർഷം മാർച്ച് 22 മുതൽ ജനുവരി നാലുവരെ 3,77,501 രൂപയുമാണ് രാജീവ് മുഖേന നൽകിയത്. ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് കമീഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.