മധ്യവയസ്കനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
text_fieldsതലശ്ശേരി: കടൽപാലം പരിസരത്ത് ശനിയാഴ്ച വൈകീട്ട് മധ്യവയസ്കനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ മൂന്ന് പേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ചാലിൽ സ്വദേശി ചാക്കീരി ഹൗസിൽ മടക്ക് നസീർ (39), തലശ്ശേരി മാടപ്പീടിക സ്വദേശി ജമീല മൻസിലിൽ കെ.എൻ. സിറാജ് (34), മുഴപ്പിലങ്ങാട് സ്വദേശി തച്ചങ്കണ്ടി ഹൗസിൽ ടി.കെ. സാജിർ എന്ന ഡയനാം ഷാജി (43) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി എസ്.ഐ എ. അഷറഫ് എസ്.ഐ അഖിൽ, സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ വിജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സാജിറിനെ ഞായറാഴ്ച പുലർച്ച ഒളിസങ്കേതത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കടൽപ്പാലം പരിസരത്ത് ഉന്തുവണ്ടിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്നയാളാണ് കുത്തേറ്റ റഷീദ്. ആറോളം വരുന്ന സംഘമാണ് ഇയാളെ ആക്രമിച്ചത്. കുപ്പി ഗ്ലാസ് ഉപയോഗിച്ച് കുത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ റഷീദ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. കച്ചവടത്തിനിടയിൽ പണം ആവശ്യപ്പെട്ടെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മയക്കു മരുന്ന് വിപണന സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കടൽ പാലം പരിസരം മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന താവളമായി മാറിയിരിക്കയാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്. അക്രമി സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.