കർശന മയക്കുമരുന്ന് പരിശോധന: മാരക ലഹരിയുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ
text_fieldsകൊച്ചി: സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി സംസ്ഥാനവ്യാപകമായി ചെക്ക് പോസ്റ്റുകളിൽ എക്സൈസിന്റെ കനത്ത പരിശോധനയാണ് നടന്നത്. വിവധിയിടങ്ങളിൽ നിന്നായി എൽ.എസ്.ഡി, എം.ഡി.എം.എ തുടങ്ങിയ അതിമാരക മയക്കുമരുന്നുകളുമായി സ്ത്രീയുൾപ്പെടെ നിരവധിപേർ എക്സൈസിന്റെ പിടിയിലായി.
തോൽപ്പെട്ടി എക്സൈസ്, ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക സ്വദേശിയായ യുവാവിനെ അതിമാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി പിടികൂടി. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശി 23 വയസ്സുള്ള അശുതോഷ് ഗൗഡയെയാണ് .O79 ഗ്രാം എൽ.എസ്.ഡിയുമായി മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബൽജിത്തിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് വി., സുരേഷ് വി. സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി.ആർ., ജോബിഷ്, ബിനു എം.എം, വിപിൻ, ഡ്രൈവർ അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സുൽത്താൻബത്തേരിയിൽ 54.528 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പന്നിയങ്കര സ്വദേശി 34 വയസ്സുള്ള റഷീദിനെ വയനാട് എക്സൈസ് സ്പെഷ്യൽ സ്കോഡിലെ സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനും പാർട്ടിയും പിടികൂടി. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ടൗണിൽ വില്പനയ്ക്കായി മോട്ടോർസൈക്കിളിൽ എം.ഡി.എം.എ കടത്തി കൊണ്ടുവരുന്നതിനിടയിലാണ് പിടികൂടിയത്. പാർട്ടിയിൽ പ്രീവൻ്റീവ് ഓഫീസർ വിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു, ബിനുമോൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ജലജ, ഷാനിയ എന്നിവർ ഉണ്ടായിരുന്നു.
കൂടാതെ കൊച്ചിയിലെ ആഡംബര ഹോട്ടലുകൾ സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിൽ ലഹരി പാർട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസ് പിടിയിലായി. മോഡലിങ് ആർട്ടിസ്റ്റായ ചേർത്തല ആർത്തുങ്കൽ സ്വദേശിനി 29 വയസ്സുള്ള റോസ് ഹമ്മ (ഷെറിൻ ചാരു) എന്നറിയപ്പെടുന്ന ഇവരെ എറണാകുളം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ബി. ടെനി മോൻ്റെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീമാണ് പിടികൂടിയത്.
ഇവരിൽനിന്ന് വിപ്പനയ്ക്കായി കൊണ്ടുവന്ന 1.90 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഉപഭോക്താക്കൾക്കിടയിൽ ''സ്നോബോൾ '' എന്ന പേരിലാണ് ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്. രാത്രികാലങ്ങളിൽ മാത്രം മയക്കുമരുന്നുമായി പുറത്തിറങ്ങിയിരുന്ന ഇവർ ആവശ്യക്കാരുടെ വാഹനങ്ങളിൽ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചാണ് മയക്കുമരുന്ന് കൈമാറ്റം ചെയ്തിരുന്നത്.
ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുകയും പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന ഇവരെക്കുറിച്ച് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എക്സൈസ് പിടികൂടിയവർ, ചില സൂചനകൾ നൽകിയിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലായിരുന്നില്ല. കൊച്ചിയിലെ കൊട്ടേഷൻ ഗുണ്ടാ സംഘങ്ങളുമായി ഇവർക്ക് നല്ല ബന്ധമുള്ളതിനാൽ അത്തരത്തിൽ പിടിക്കപ്പെടുന്നവരും ഇവരെക്കുറിച്ച് വ്യക്തമായിട്ടുള്ള സൂചനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല.
അടുത്തിടെ ഇവരുടെ ഇടനിലക്കാരനായ ഒരു യുവാവിനെ എക്സൈസ് സ്പെഷ്യൽ ആക്ഷൻ ടീം പിടികൂടിയതോടെയാണ് ഹമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എക്സൈസിനെ ലഭ്യമായത്. വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്തുനിൽക്കവെയാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലാകുമെന്ന് മനസ്സിലായപ്പോൾ ഇവർ അതുവഴി വന്ന വാഹനം കൈകാണിച്ചു നിർത്തി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും എക്സെസ് സംഘത്തിൻ്റെ പിടിയിലകപ്പെട്ടു. കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് ലഹരി പദാർത്ഥങ്ങൾ കൈമാറിയിരുന്ന ഇവർ കൊച്ചി കേന്ദ്രീകരിച്ച് ഒരു വൻ നെറ്റ്വർക്കിൻ്റെ പ്രധാന കണ്ണിയാണ്.
തുടരന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു വരും. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ ഇൻസ്പെക്ടർ, എം.എസ് ഹനീഫ, പ്രിവൻ്റീവ് ഓഫീസർ അജയകുമാർ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ മാരായ എൻ.ഡി ടോമി, ഹർഷകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.