ഓണം പുകച്ച് പൊടിക്കാൻ ലഹരിയുടെ വരവ്
text_fieldsപെരിന്തൽമണ്ണ: ഓണാഘോഷത്തോടനുബന്ധിച്ച് വില്‍പനക്കായി എത്തിച്ച എട്ടുകിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയും പിടിച്ചു. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ണാര്‍ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ് (63), അലനല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍ (21), താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസ് (33) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ മാനത്തുമംഗലം മാട് റോഡില്‍ കുന്നുംപുറത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ടുകിലോ കഞ്ചാവുമായി യൂസഫിനെ അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള ഏജന്‍റുമാര്‍ മുഖേന വില്‍പനക്ക് എത്തിച്ചതാണിത്. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു.
പെരിന്തല്‍മണ്ണ ടൗണിലാണ് 65 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അമീര്‍ പിടിയിലായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പത്തുലക്ഷത്തോളം വിലവരുന്നതാണിത്. ബംഗളൂരുവിൽ നിന്നെത്തിച്ച് വിൽപന നടത്താൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്.
പാലക്കാട് ഹൈവേയില്‍ പാതായ്ക്കരയിലാണ് കാറില്‍ ഒളിപ്പിച്ച ആറുകിലോ കഞ്ചാവുമായി മുഹമ്മദ് റിയാസിനെ പിടികൂടിയത്. കാര്‍ റോഡരികിൽ പാർക്ക് ചെയ്ത് വില്‍പനക്കായി ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കാറും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണിത്. പ്രതികളെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ ലഹരി വില്‍പന സംഘത്തിലെ മറ്റുകണ്ണികളെക്കുറിച്ച് സൂചന ലഭിച്ചു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, ഇന്‍സ്പെക്ടര്‍ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ സി.കെ. നൗഷാദ്, ജൂനിയര്‍ എസ്.ഐ ഷൈലേഷ്, എസ്.ഐ സജീവ് കുമാര്‍, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒമാരായ സന്ദീപ്, ഉല്ലാസ്, രാമകൃഷ്ണല്‍, രാകേഷ്, മുഹമ്മദ് സജീര്‍, കൈലാസ് എന്നിവരും ജില്ല ആന്‍റി നർകോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.