മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു
text_fieldsഗുഡ്ഗാവ്: ഗുഡ്ഗാവിൽ മൂന്ന് പേർ കുത്തേറ്റ് മരിച്ചു. ഡൽഹി-ഗുർഗാവ് എക്സ്പ്രസ് വേയിലെ സി.എൻ.ജി പെട്രോൾ പമ്പിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. പമ്പിന്‍റെ മാനേജർ പുഷ്പേന്ദ്ര, ഓപ്പറേറ്റർ ഭൂപേന്ദ്ര, ഫില്ലർ നരേഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നുപേരും ക്രൂരമായി ആക്രമിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇതോടെ പ്രദേശത്ത് മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
കുത്തേറ്റ നരേഷ് സമീപത്തെ മറ്റൊരു പെട്രോൾ പമ്പിലേക്ക് ഓടിയെത്തിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ പമ്പ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പുഷ്പേന്ദ്രയേയും ഭൂപേന്ദ്രയെയും പമ്പിലെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ നെഞ്ചിലും കഴുത്തിലും ആഴമേറിയ മുറിവുകൾ കണ്ടെത്തിയതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുഷ്പേന്ദ്രയുടെയും നരേഷിന്‍റേയും ശരീരത്തിൽ നിന്നും 12 മുറിവുകളും, ഭുപേന്ദ്രയുടെ ശരീരത്തിൽ നിന്ന് 10 മുറിവുകളും കണ്ടെത്തിയതായി ഫോറൻസിക് വിദഗ്ദൻ പറഞ്ഞു.
പമ്പിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സി.സി.ടി.വി കാമറകൾ നശിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു കൊലപാതകം. സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് പ്രതികൾ. കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ, പണം എന്നിവ നഷ്ടപ്പെട്ടിട്ടില്ലെന്നും മോഷണമല്ല മുൻവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നും ഡി.സി.പി വിരേന്ദർ വിജ് പറഞ്ഞു.
വെള്ളിയാഴ്ച്ച ഗുഡ്ഗാവിലെ ഖോർ ജില്ലയിൽ തോക്കുധാരികളായ സംഘം സഹോദരങ്ങളെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. പരംജിത് തക്രാൻ സുർജിത് തക്രാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും മദ്യ-വൈൻ കരാറുകളിൽ മധ്യസ്ഥത വഹിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.