വ്യാജ സ്വർണം പണയംവെച്ച് പണം തട്ടിയ കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: സൗത്ത് ഇന്ത്യന്‍ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ സ്വര്‍ണം പൂശിയ ആഭരണം പണയംവെച്ച് 73 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ പിലാത്തറ അറത്തിപ്പറമ്പ് സ്വദേശിനികളായ സി.പി. ഫൗസിയ (46), ടി. റസിയ (42), പത്താംപ്രതി മാട്ടൂല്‍ സ്വദേശിനി ഇ.കെ.പി. താഹിറ എന്നിവരെയാണ് വെള്ളിയാഴ്ച പിടികൂടിയത്.
2020 നവംബര്‍ 25 മുതല്‍ വിവിധ തീയതികളിലായി തൃക്കരിപ്പൂരിലെ ജാഫര്‍ തലയില്ലത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി. റസിയ, സി.പി. ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി. ഹവാസ് ഹമീദ്, എ.ജി. സമീറ, തലയില്ലത്ത് അഹമ്മദ്, പി. നദീര്‍, വി.പി. കുഞ്ഞാമിന, താഹിറ അഷ്റഫ് എന്നിവര്‍ ചേര്‍ന്ന് വ്യാജ സ്വര്‍ണ ലോക്കറ്റ് പണയം വെച്ച് 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചെന്നാണ് പരാതി.
പണയം വെക്കുന്ന സമയം നടത്തിയ പരിശോധനയില്‍ ആഭരണങ്ങളില്‍ ഒരോന്നിന്റെയും പുറത്ത് നാല് ഗ്രാമോളം സ്വര്‍ണം പൂശിയതിനാല്‍ വ്യാജമാണോ എന്ന് അപ്രൈസർക്ക് കണ്ടെത്താനായില്ല. പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാത്തതിനാല്‍ ലേലംചെയ്യാന്‍ മുറിച്ച് പരിശോധിക്കുമ്പോഴാണ് ഉള്ളില്‍ ഈയമാണെന്ന് കണ്ടെത്തിയത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് തളിപ്പറമ്പ് ശാഖ ചീഫ് മാനേജറുടെ പരാതിയില്‍ 2022 നവംബറിലാണ് തളിപ്പറമ്പ് പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങിയത്. പ്രതികളായ ജാഫര്‍, മുബീന അസീസ്, ഹവാസ് ഹമീദ്, പി. നദീര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മൂന്ന് പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.