തൃക്കാക്കര നഗരസഭയിലെ സംഘർഷം: രണ്ട് കൗൺസിലർമാർ അറസ്റ്റിൽ
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. സി.പി.ഐ നേതാവ് എം.ജെ. ഡിക്സനെയും കോൺഗ്രസ് നേതാവ് സി.സി ബിജുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ വാക്കേറ്റവും തമ്മിൽതല്ലുമുണ്ടായത്. സംഭവത്തിൽ ആറു കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു. എൽ.ഡി.എഫ് കൗൺസിലർമാരായ ഉഷ പ്രവീൺ, സുമ മോഹൻ, അജുന ഹാഷിം, യു.ഡി.എഫ് കൗൺസിലർമാരായ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, ലാലി ജോഫിൻ, ഉണ്ണി കാക്കനാട് എന്നിവരും പരിക്കേറ്റ് തൃക്കാക്കരയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഓണസമ്മാന വിവാദത്തെ തുടർന്ന് പൊളിച്ച നഗരസഭ അധ്യക്ഷയുടെ ചേംബറിന്റെ പൂട്ട് മാറ്റിവെച്ചതുമായി ബന്ധപ്പെട്ട അജണ്ടയാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൂട്ട് മാറ്റിവെക്കുന്നതിന് ചെലവായ 8,400 രൂപ അനുവദിക്കുന്നതിന് കൗൺസിലിന്റെ അംഗീകാരം തേടുന്നതായിരുന്നു അജണ്ട.
പൂട്ട് പൊളിച്ചവരിൽ നിന്ന് തന്നെ പണം ഈടാക്കണമെന്നും ഇതിനായി പൊതുമുതൽ ചെലവാക്കാൻ കഴില്ലെന്നുമായിരുന്നു പ്രതിപക്ഷ വാദം. എന്നാൽ, ആരാണ് പൂട്ട് പൊളിച്ചതെന്ന് വ്യക്തമാണെന്നും ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നുമായിരുന്നു അധ്യക്ഷ അജിത തങ്കപ്പന്റെ മറുപടി.
ഇതിൽ പ്രകോപിതരായ ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ കൂടി രംഗത്തെത്തിയതോടെ പോർവിളികളും ആക്രോശവുമായി, പിന്നീട് കൂട്ടത്തല്ലായി. ഇതോടെ നഗരസഭ അധ്യക്ഷ ഇടപ്പെട്ട് മുഴുവൻ അജണ്ടകളും പാസാക്കിയതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു.
എന്നാൽ, പുറത്തേക്ക് പോകാൻ ശ്രമിച്ച അധ്യക്ഷയെ എൽ.ഡി.എഫ് കൗൺസിലർമാർ തടഞ്ഞത് വീണ്ടും സംഘർഷത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.