ജയിലധികൃതർ നോക്കിനിന്നു, അക്രമികൾ തുടരെത്തുടരെ കുത്തി; തിഹാർ ജയിലിലെ നടുക്കുന്ന കൊലപാതക ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ടില്ലു താജ്പുരിയയെ തിഹാർ ജയിലിലെ അതിസുരക്ഷാ സെല്ലിൽ തടവുകാരായ ഗുണ്ടകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ എട്ട് ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ടില്ലു താജ്പുരിയയെ അക്രമികൾ കൊലപ്പെടുത്തുമ്പോൾ ജയിൽ ജീവനക്കാർ തടയാതെ മാറിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
മേയ് രണ്ടിന് രാവിലെ 6.15-ഓടെയാണ് ജയിലിനുള്ളില്‍വെച്ച് ടില്ലുവിന് നേരേ ആക്രമണമുണ്ടായത്. ഒന്നാംനിലയിലെ ഇരുമ്പ് ഗ്രില്‍ മുറിച്ചുമാറ്റിയ അക്രമികള്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് താഴത്തെ നിലയിലേക്കിറങ്ങുകയും ഇരുമ്പ് വടികള്‍ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇവിടെ വെച്ച് ടില്ലു കൊല്ലപ്പെട്ടിരുന്നില്ല.
മാരകമായി പരിക്കേറ്റ ടില്ലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ജയിൽ ജീവനക്കാർ എടുത്തുകൊണ്ടു വരുന്നതിനിടെയാണ് അക്രമികൾ വീണ്ടുമെത്തി കഴുത്തിൽ തുടരെ തുടരെ കുത്തി മരണം ഉറപ്പാക്കിയത്. അക്രമികളെ ഭയന്ന് ജീവനക്കാർ തടയാതെ മാറിനിൽക്കുന്നത് പുതിയതായി പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജയിലധികൃതർക്കെതിരെ വ്യാപക വിമർശനമുയർന്നു. അധികൃതർ കൂട്ടുനിന്നുള്ള കൊലപാതകമാണ് നടന്നതെന്നും കർശന നടപടി വേണമെന്നും അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.
2021 സെപ്റ്റംബറില്‍ ഡല്‍ഹി രോഹിണി കോടതി വെടിവെപ്പിലെ മുഖ്യസൂത്രധാരനാണ് കൊല്ലപ്പെട്ട ടില്ലു താജ്പുരിയ. മുന്‍ കൂട്ടാളിയും പിന്നീട് എതിരാളിയുമായ ജിതേന്ദര്‍ ഗോഗിയെ അന്ന് ടില്ലുവിന്റെ സംഘം കോടതിയില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ജയിലില്‍വെച്ച് ടില്ലുവാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിന് പകരം ചോദിക്കാനായി ജിതേന്ദര്‍ ഗോഗിയുടെ കൂട്ടാളികളാണ് ടില്ലുവിനെ ജയിലിലിട്ട് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.