തിരൂരിലെ കൊലപാതകം: ബസ് സ്റ്റാൻഡിലെ സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാത്തത് വിവാദമാകുന്നു
text_fieldsതിരൂർ: തിങ്കളാഴ്ച പുലർച്ചെ ആദമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ചർച്ചയായി അധികൃതരുടെ പിടിപ്പുകേട്. മാസങ്ങളോളമായി തിരൂർ ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായിട്ടും അധികൃതർ ഗൗരത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. സി.സി.ടി.വി പ്രവർത്തന രഹിതമായത് പ്രതിയെ ഉടൻ കണ്ടെത്താനുള്ള പൊലീസ് നീക്കങ്ങൾക്ക് തിരിച്ചടിയായി. സമീപത്തെ കടകളിലെ സി.സി.ടി.വി ക്യാമറകൾ ആശ്രയിക്കുകയാണ് പൊലീസ്.
തിരൂർ ബസ് സ്റ്റാൻഡ് പ്രവേശന കവാടത്ത് തിരൂർ നഗരസഭ സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ പരിസരത്താണ് കൊലപാതകം നടന്നത്.ലക്ഷങ്ങൾ ചിലവഴിച്ച് നഗരസഭ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ ഒന്ന് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. സ്റ്റാൻഡ് നവീകരണത്തോടനുബന്ധിച്ചാണ് വ്യാപകമായി കാമറകൾ സ്ഥാപിച്ചിരുന്നത്.
രാത്രി കാലങ്ങളിൽ ഇവിടെ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും സ്ഥിരം താവളമാണെന്ന പരാതി വ്യാപകമായിട്ടും മാസങ്ങളോളമായി കണ്ണടച്ച കാമറ പ്രവർത്തന യോഗ്യമാക്കാൻ നഗരസഭ അധികൃതർ തയ്യാറായിട്ടില്ല. നടത്തിപ്പിന് അനുമതി നൽകിയ കരാറുകാർ അറ്റകുറ്റപ്പണി നടത്താതാണ് സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമാകാൻ കാരണമെന്ന് തിരൂർ നഗരസഭ അധ്യക്ഷ എ.പി. നസീമ പറഞ്ഞു.
കൊലപാതകം ഞെട്ടലുളവാക്കുന്നത് -മദ്യ നിരോധന സമിതി
തിരൂർ: തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവമാവുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിച്ച് ജനങ്ങളുടെ സുരക്ഷിതത്വം സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് മദ്യ നിരോധന സമിതി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമിതി വിളിച്ച അടിയന്തിര എക്സിക്യൂട്ടീവ് യോഗം തിരൂർ നഗരഹൃദയത്തിലുണ്ടായ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി. പ്രസിഡന്റ് ഹംസ നടുവിലങ്ങാടി അധ്യക്ഷത വഹിച്ചു.
മദ്യ മയക്കുമരുന്നിന്റെ വിപത്തിനെതിരെ ബോധവൽകരണ പരിപാടികൾ ആസുത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. അബ്ദുൽറഹ്മാൻ ചെമ്പ്ര, ഷാഫി തിരൂർ, കുഞ്ഞിപ്പ മുണ്ടേക്കാട്ട്, കോയ പുതുതോട്ടിൽ, രാജൻ, പുഷ്പ തിരൂർ എന്നിവർ സംബന്ധിച്ചു.
ലഹരി-ഗുണ്ടാ മാഫിയ: പൊലീസ് ജാഗ്രത പാലിക്കണം -വെൽഫെയർ പാർട്ടി
തിരൂർ: നഗരം കേന്ദ്രീകരിച്ചു മയക്കുമരുന്ന് മദ്യ കൈമാറ്റം നിർബാധം തുടരുകയാണെന്ന് വെൽഫെയർ പാർട്ടി. റിങ് റോഡിലെ പണിതീരാത്ത കെട്ടിടങ്ങളും ബസ് സ്റ്റാൻഡ്, താഴെപാലം, റെയിൽവേ സ്റ്റേഷൻ, ടൗൺ ഹാൾ പരിസരങ്ങളും ഇത്തരക്കാരുടെ വിഹാര കേന്ദ്രങ്ങളാണെന്നും പൊലീസ് വേണ്ട വിധം നടപടി സ്വീകരിക്കുന്നില്ലെന്നും പൊതുജനങ്ങൾക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്നും പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് അബ്ദുൽ റഹ്മാൻ മുല്ലശ്ശേരി, സെക്രട്ടറി ടി.കെ. അഷ്റഫലി, ട്രഷറർ ടി.ഇ. അബൂബക്കർ, വൈസ് പ്രസിഡന്റ് സി.എച്ച്. സുഹ്റ, അസി. സെക്രട്ടറി അബ്ദുനാസിർ മുത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.