ദലിത് വിദ്യാര്‍ഥികളെ കൊണ്ട് നിരന്തരം കക്കൂസ് കഴുകിപ്പിച്ച പ്രധാനാധ്യാപിക അറസ്റ്റിൽ
text_fieldsദലിത് വിദ്യാര്‍ഥികളെ കൊണ്ട് ഒരു വര്‍ഷത്തോളം കക്കൂസ് കഴുകിപ്പിച്ച സ്കൂള്‍ പ്രധാനാധ്യാപിക അറസ്റ്റില്‍. പെരുന്തുരൈ പാലക്കര പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്‌കൂളിലെ എച്ച്.എം. ഗീതാ റാണിയെയാണ് ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുപാളയം ഗ്രാമത്തിലെ വിദ്യാർഥികളെ നിര്‍ബന്ധിച്ച് കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു ഗീതാ റാണി.
ഒരു വിദ്യാർഥിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈറോഡ് സർക്കാർ മെഡിക്കൽ കോളജിൽ നവംബർ 21നാണ് 10 വയസുകാരനെ പനി ബാധിച്ച് പ്രവേശിപ്പിക്കുന്നത്. തുടർന്ന്, രക്തസാമ്പിൾ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എങ്ങനെയാണ് ഡെങ്കിപ്പനി പിടിപെട്ടതെന്ന് അറിയാൻ ശ്രമിക്കുന്നതിനിടെ, നവംബർ 18ന് സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കാൻ ആവശ്യപ്പെട്ടെന്നും അവിടുത്തെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൊതുകുകടിയേറ്റെന്നും കുട്ടി തങ്ങളോട് പറഞ്ഞുവെന്ന് അമ്മാവന്‍ കൃഷ്ണമൂര്‍ത്തി പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെഡ്മിസ്ട്രസ് കുട്ടികളെ കൊണ്ട് സ്ഥിരം കക്കൂസ് കഴുകിക്കാറുണ്ടെന്ന് കണ്ടെത്തിയത്.
സ്‌കൂൾ വളപ്പിനുള്ളിലെ രണ്ട് ശുചിമുറികൾ വൃത്തിയാക്കാനാണ് ദലിത് വിഭാഗത്തിൽപ്പെട്ട വിവിധ ക്ലാസുകളിലെ ആറ് വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. അവയിലൊന്ന് വിദ്യാർഥികൾ ഉപയോഗിക്കുന്നതും മറ്റൊന്ന് അധ്യാപകരുടേതുമായിരുന്നു.
``എന്‍റെ അനന്തരവന്‍ മാസങ്ങളോളം കക്കൂസ് വൃത്തിയാക്കി. അതു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കക്കൂസ് വൃത്തിയാക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടത് എച്ച്.എം ആയതിനാൽ ഇത് അംഗീകരിക്കാനാവില്ല.ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശൗചാലയം വൃത്തിയാക്കാനാണ് പ്രധാധന്യാപിക ഞങ്ങളുടെ സമുദായത്തില്‍ പെട്ട കുട്ടികളോട് ആവശ്യപ്പെട്ടത്. ഒരു വർഷത്തോളമായി വാട്ടർ ടാങ്കുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന കുട്ടികളുടെ ശരീരത്തിൽ കുമിളകൾ ഉണ്ടെന്ന്'' കൃഷ്ണമൂര്‍ത്തി പറഞ്ഞു.
സംഭവം പുറത്തായതോടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ നമ്പറായ 1098-ൽ വിളിച്ച് ഈറോഡ് ചൈൽഡ് വെൽഫെയർ യൂണിറ്റിൽ പരാതി നല്‍കി. ജില്ല വിദ്യാഭ്യാസ ഓഫീസർ ദേവിചന്ദ്രയും ഡെപ്യൂട്ടി എഡ്യൂക്കേഷണൽ ഓഫീസർ ധനബാക്കിയവും നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞു. അന്വേഷണത്തോട് സഹകരിക്കാത്ത പ്രധാനാധ്യാപിക ഗീതാ റാണിയെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു.
നവംബര്‍ 30ന് പത്തു വയസുകാരന്‍റെ മാതാവ് ജയന്തി ഗീതാറാണിക്കെതിരെ പെരുന്തുരൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗീതാ റാണി തന്‍റെ മകനോടും നാലാം ക്ലാസിലെ നാല് വിദ്യാർത്ഥികളോടും മൂന്നാം ഗ്രേഡിലെ ഒരു വിദ്യാർഥിയോടും എല്ലാ ദിവസവും ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ ആവശ്യപ്പെട്ടതായി എഫ്.ഐ.ആറിൽ പറയുന്നു.ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.