ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsപരവൂർ: പരവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂതക്കുളം അമ്മാരത്തുമുക്ക് ഷാജി നിവാസിൽ ഷാജിയാണ് (54) പിടിയിലായത്.
പൊലീസ് പറയുന്നത്: പ്രവാസിയായിരുന്ന ഷാജി നാട്ടിൽ വിശ്രമജീവിതത്തിലാണ്. ഇയാൾഎത്തിയതു മുതൽ ഭാര്യ ബിന്ദുവുമായി നിരന്തരം അടിപിടി നടന്നതിന് പൊലീസിൽ പരാതിയുണ്ട്. സ്റ്റേഷനിൽവെച്ച് തീർപ്പായി പോകാറായിരുന്നു പതിവ്.
താൻ വിദേശത്തായിരുന്നപ്പോൾ നാട്ടിലേക്ക് അയച്ച പണമെല്ലാം ധൂർത്തടിച്ചുവെന്നതാണ് ഇവരുടെ കലഹത്തിനു കാരണമായി ഷാജി ഉന്നയിക്കുന്നത്. എന്നാൽ, ബിന്ദു പറയുന്നത് ഭർത്താവിനു തന്നെ സംശയമാണെന്നാണ്. സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരിയായ ബിന്ദുവും ഷാജിയും തമ്മിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് കലഹം ഉണ്ടാകുകയും പിരിഞ്ഞുകഴിയുകയുമായിരുന്നു.
ഡിസംബർ ഒമ്പതിന് ഇവരുടെ ബന്ധുക്കൾ മുഖേന ഒത്തുതീർപ്പ് നടത്തുകയും ബിന്ദുവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. അവിടെ വച്ച് വീണ്ടും വാക്കുതർക്കം ഉണ്ടായി. അക്രമാസക്തനായ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ബിന്ദുവിനെ തലക്കും കൈക്കും വെട്ടി.
ശേഷം ഇയാൾ സ്വയം കഴുത്തിലും വയറ്റിലും കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ പരവൂർ പൊലീസിൽ വിവരമറിയിക്കുകയും ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വധശ്രമത്തിന് കേസെടുത്ത് ആശുപത്രിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.