തടയാനാകാതെ ലഹരി വ്യാപനം: കൊച്ചിയിലേക്ക് എം.ഡി.എം.എ ഒഴുകുന്നു
text_fieldsആഗസ്റ്റിൽ ഒരുകോടിയുടെ മയക്കുമരുന്നുമായി കാക്കനാട് നിന്ന് രണ്ട് യുവതികളടക്കം എട്ടുപേർ അറസ്റ്റിലായത് ഞെട്ടലോടെയാണ് ജില്ല കേട്ടത്. എന്നാൽ, പിന്നീട് ജില്ലയിൽ നടന്ന സംശയാസ്പദമായ പല സംഭവങ്ങളുടെയും പിന്നാമ്പുറം പരിശോധിച്ച പൊലീസിന് വൻ മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചത്.
കാക്കനാട് കേസിൽ അറസ്റ്റുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവന്നു. ദേശീയ പാതയിൽ മോഡലുകളടക്കം മൂന്നുപേർ അപകടത്തിൽ മരിച്ചതിെൻറ പിന്നിലെ ദുരൂഹതകളിലേക്കും അന്വേഷണം കടന്നതോടെ അവിടെയും വില്ലൻ എം.ഡി.എം.എ എന്ന മയക്കുമരുന്നാണെന്ന് തെളിഞ്ഞു.
ഇതൊരു സാധാരണ അപകടമായി തള്ളിക്കളഞ്ഞിരുന്നെങ്കിൽ കൊച്ചിയിലെ ലഹരി വ്യാപനത്തിെൻറ വ്യാപ്തി പുറത്തുവരാതെ പോകുമായിരുന്നു. ഉറവിടവും പ്രധാന ഇടനിലക്കാരെയും കണ്ടെത്താനാകാത്തതാണ് മയക്കുമരുന്നുകളുടെ വരവ് ഇല്ലാതാക്കാൻ കഴിയാത്തതിെൻറ പ്രധാന കാരണം. ഹോട്ടലുകളിലും റിസോർട്ടുകളിലും അനധികൃതമായി നടക്കുന്ന ഡി.ജെ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കിയതും മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ്. ഇത്തരം അനധികൃത പാർട്ടികൾ ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ്, എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്. ലഹരി വ്യാപനത്തിനും ഉപയോഗത്തിനും മുന്നിലുള്ളവരിൽ ഐ.ടി പ്രഫഷനലുകൾ മുതൽ ഡോക്ടർമാർ വരെയുണ്ടെന്നാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചെൻറ സമൂഹമാധ്യമ ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്.
ആരുമറിയാതെ കടത്തുന്നു
കഞ്ചാവടക്കമുള്ള മറ്റ് ലഹരി പദാർഥങ്ങളെക്കാൾ ആരുമറിയാതെ കടത്തിക്കൊണ്ടുപോകാൻ എളുപ്പമാണെന്നതാണ് എം.ഡി.എം.എയിലേക്ക് യുവാക്കളെ അടുപ്പിക്കുന്നത്. വളരെ ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും വലിയ ലഹരിയാണ് ഉണ്ടാകുന്നതെന്നതും അവരെ ആകർഷിക്കാൻ കാരണമാകുന്നു. ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീൻഡയോക്സി മെത്താംഫീറ്റമിൻ.
സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്സ്, എക്സ്റ്റസി, എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. ചികിത്സ രംഗത്ത് ഇത് ഉപയോഗിക്കുന്നതിന് സ്വീകാര്യത ലഭിച്ചിട്ടില്ല.
കൂടുതൽ നേരം ലഹരി നിൽക്കുന്നതിനാൽ നിശാപാർട്ടികളിലും നൃത്തപരിപാടികളിലും മറ്റും വ്യാപകമായി ദുരുപയോഗിക്കപ്പെടുകയാണ്. ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവക്ക് ഇടയാക്കുന്നതാണ് എം.ഡി.എം.എ.
ബംഗളൂരുവും ഗോവയും കേന്ദ്രങ്ങൾ; അറസ്റ്റുകൾക്കും കുറവില്ല
3500 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് എം.ഡി.എം.എക്ക് മയക്കുമരുന്ന് കച്ചവടക്കാർ വിലയിടുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെറുപായ്ക്കറ്റുകളാക്കിയാണ് വിൽപന. ബംഗളൂരുവിൽനിന്നും ഗോവയിൽ നിന്നുമാണ് പ്രധാനമായും എത്തുന്നത്. കഴിഞ്ഞമാസം ബംഗളൂരുവിൽ നിന്നുകൊണ്ടുവരുന്നതിനിടെ 168 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു.
കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് തൂക്കി വിൽക്കാൻ പ്രത്യേക ത്രാസ് അടക്കം സംവിധാനങ്ങളുമുണ്ടായിരുന്നു. ബംഗളൂരുവിൽനിന്നും അങ്കമാലിയിൽ ബസിൽ എത്തിയ മറ്റൊരു യുവാവ് കൈയിൽ കരുതിയ ഹെൽമെറ്റിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇരട്ടിയിലധികം സിന്തറ്റിക് ഡ്രഗുകള്‍ ആണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒമ്പത് മാസത്തിനിടെ പിടികൂടിയത്. പൊലീസിെൻറ വിലയിരുത്തൽ അനുസരിച്ച് സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നതില്‍ 25 വയസ്സില്‍ താഴെയുള്ള യുവതി യുവാക്കളാണ് ഭൂരിഭാഗവും.
എം.ഡി.എം.എക്ക് പുറമെ നാർക്കോട്ടിക് ടാബ്ലറ്റുകൾ, മുന്തിയയിനം പുകയില ഉല്പന്നങ്ങള്, ബ്രൗണ്‍ ഷുഗര്‍, ചരസ് എന്നിവയുമുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ചതോടെ കൊറിയര്‍ വഴിയും സംസ്ഥാനത്ത് ലഹരി കച്ചവടം നടക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ലഹരി കച്ചവടം നടത്തുന്ന സംഘങ്ങളും സജീവമാണ്. ഇത് സംബന്ധിച്ച അന്വേഷണങ്ങൾ സൈബർ പൊലീസും നടത്തുന്നുണ്ട്.
മാസം(2021), എക്സൈസ് പിടികൂടിയ എം.ഡി.എം.എ
ജനുവരി- 24.9 ഗ്രാം
ഫെബ്രുവരി- 0.8387 ഗ്രാം
മാർച്ച്- 23.31 ഗ്രാം
ഏപ്രിൽ- 2.647 ഗ്രാം
മേയ്- 3.1 ഗ്രാം
ജൂൺ- 1.887 ഗ്രാം
ജൂലൈ- 0.39 ഗ്രാം
ആഗസ്റ്റ്- 1367 ഗ്രാം
സെപ്റ്റംബർ- 0.45 ഗ്രാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.