വൻപുകയില വേട്ട; യു.പി സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsമല്ലപ്പള്ളി : വൻ നിരോധിതപുകയില ഉൽപ്പന്നവേട്ടയിൽ യു.പി സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. മല്ലപ്പള്ളി ടൗണിൽ ചന്ത റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഗോരഖ്പൂർ മെഹരിപ്പൂർ പോസ്റ്റിൽ 51 ജംഗൽബനി രാജേഷ് സോങ്കറാണ് (28) വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആദ്യം പിടിയിലായത്.
ഇയാൾ മുറിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. രാജേഷ് സോങ്കർ മല്ലപ്പള്ളി ടൗണിൽ പുകയില പാൻമസാല കച്ചവടക്കാരനാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ഇവ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ബിജുക്കുട്ടൻ എന്ന് വിളിക്കുന്ന ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടിൽ ബിജു ജോസഫിനെ (47) പിന്നീട് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ഉൽപ്പന്നങ്ങൾ കാറിൽ എത്തിച്ചുകൊടുത്ത ലഹരി ഉൽപ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനെന്ന് കരുതുന്ന ചങ്ങനാശ്ശേരി അപ്സര തിയറ്ററിന് സമീപം പെരുന്ന പുതുപ്പറമ്പിൽ വീട്ടിൽ ഷെമീർ ഖാൻ (35) തുടർന്ന് അറസ്റ്റിലായി. രണ്ടും മൂന്നും പ്രതികളാണ് രാജേഷിന് ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്നത്.ഷെമീറിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, ജില്ല പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ, ഇയാൾ കോഴഞ്ചേരി ഇലവുംതിട്ട റോഡിൽ കാറിൽ സഞ്ചരിക്കുന്നതായി വ്യക്തമായി. പൊലീസിന്റെ അതിവേഗനീക്കത്തിൽ ഇലവുംതിട്ടക്ക് സമീപം ഇയാൾ യാത്ര ചെയ്തിരുന്ന ഇന്നോവ കാർ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനവും പിടിച്ചെടുത്തു.
ഷെമീർ ഖാൻ കോട്ടയം- പത്തനംതിട്ട ജില്ലകളിലെ പ്രധാന ടൗണുകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വ്യാപാരത്തിനായി എത്തിച്ചു കൊടുക്കുന്ന ആളാണ്. ഓണക്കാലത്ത് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്തുസംഘം സ്കൂൾ- കോളജ് വിദ്യാർഥികൾക്കായി മല്ലപ്പള്ളി, കുന്നന്താനം, വായ്പൂര് പ്രദേശങ്ങളിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് മല്ലപ്പള്ളി ടൗണിലെ പ്രധാന സ്ഥലങ്ങളിൽ പൊലീസ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. ഇന്നോവ കാർ സംശയകരമായ രീതിയിൽ മാർക്കറ്റ് ഭാഗത്ത് കണ്ട വിവരം നാട്ടുകാർ അറിയിച്ച പ്രകാരം പൊലീസ് നടത്തിയ നീക്കമാണ് ഫലം കണ്ടത്. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ, പാൻമസാല കച്ചവടം നടത്തുന്ന രാജേഷ് സോങ്കറിന്റെ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് ഏഴു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
മല്ലപ്പള്ളി, കുന്നന്താനം പാമല എന്നിവടങ്ങളിലെ അതിഥി തൊഴിലാളികൾക്കും, ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നതെന്ന് വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി. പൊലീസ് സംഘത്തിൽ എസ്.ഐ സതീഷ് ശേഖർ, എസ്.സി.പി.ഒ അൻസിം, സി.പി.ഒമാരായ ഒലിവർ വർഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണൻ, അമൽ, അനസ് എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.