ശുചിമുറി മാലിന്യം; വാഹനവും പ്രതികളും പിടിയിൽ
text_fieldsകുന്ദമംഗലം: ശുചിമുറി മാലിന്യം ഓടയിൽ തള്ളിയ വാഹനവും പ്രതികളും പിടിയിൽ. കോട്ടംപറമ്പ് ചേരിഞ്ചാൽ റോഡിലുള്ള മനത്താനത്ത് താഴം ബസ് സ്റ്റോപ്പിനു സമീപം ഓവുചാലിലേക്ക് ശുചിമുറി മാലിന്യം തള്ളാനെത്തിയ മലപ്പുറം വാഴയൂർ പുതുക്കുടി പുതുകോട് സ്വദേശി മുഹമ്മദ് അജ്മൽ (26), ഫറോക്ക് സ്വദേശി മേലെ ഇടക്കാട്ടിൽ കുന്നത്തുമൊട്ട അബ്ദുൽ മനാഫ് (38) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്തു.
വിവിധ സ്ഥലങ്ങളിൽനിന്ന് ശുചിമുറി മാലിന്യം വണ്ടിയിൽ കയറ്റി ആൾപെരുമാറ്റം കുറഞ്ഞ പ്രദേശങ്ങളിൽ ഒഴുക്കിവിടാറാണ് ഇവരുടെ പതിവ്. തിങ്കളാഴ്ച പുലർച്ച 3.30ന് എസ്.ഐ ടി.കെ. ഉമ്മർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു, സിവിൽ പൊലീസ് ഓഫിസർ അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ കുറെ മാസങ്ങളായി കുന്ദമംഗലം പഞ്ചായത്തിലെ പൊയ്യയിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായിരുന്നു. അധികൃതർ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സ്ഥലത്തെ റെസിഡൻസ് അസോസിയേഷനും വിവിധ രാഷ്ട്രീയ പാർട്ടികളും സമരങ്ങൾ നടത്തുകയും ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എം. ധനീഷ് ലാൽ നിരാഹാര സമരവും നടത്തിയിരുന്നു. തുടർന്ന് നാട്ടുകാർ രാത്രികാലങ്ങളിൽ സ്ക്വാഡ് നടത്തുകയും പൊലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു. പൊയ്യയിൽ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളുന്നവരെയാണോ പിടികൂടിയത് എന്ന് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ അറിയുകയുള്ളൂവെന്ന് എസ്.ഐ ടി.കെ. ഉമ്മർ പറഞ്ഞു.
നടപടി വേണം
കുന്ദമംഗലം: പൊയ്യയിൽ നിരന്തരം ശുചിമുറി മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടികൂടിയ പൊലീസ് അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. വിനയകുമാർ, എൻ. കേളൻ നെല്ലിക്കോട്ട്, പി. സജീവ്കുമാർ, സജിത ഷാജി, ലിജി പുൽക്കുന്നുമ്മൽ, എൻ. ഗിരീഷ്, ടി.പി. ബിനു എന്നിവർ സംസാരിച്ചു.
സിറ്റി പൊലീസ് കമീഷണർക്ക് വീണ്ടും പരാതി
കുന്ദമംഗലം: ശുചിമുറി മാലിന്യ വിഷയത്തിൽ സിറ്റി പൊലീസ് കമീഷണർക്ക് വീണ്ടും പരാതി നൽകി ജില്ല പഞ്ചായത്ത് അംഗം എം. ധനീഷ് ലാൽ. പൊയ്യയിലെ മാലിന്യ നിക്ഷേപ വിഷയവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും അതിനിടെ മനത്താനത്ത് ക്ഷേത്രത്തിന് സമീപ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാൻ വന്ന ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു എന്നും ഈ ലോറിക്ക് മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയ അന്വേഷണം നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.