വ്യാപാരിയുടെ കൊല: ഒഡിഷക്കാരായ നാലു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
text_fieldsതലശ്ശേരി: വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറി ഒഡിഷ സ്വദേശിയായ പ്ലൈവുഡ് വ്യാപാരിയെ കെട്ടിയിട്ട് കുത്തിക്കൊന്ന് കവർച്ച നടത്തിയ കേസിൽ നാലു പ്രതികൾക്ക് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ഇരട്ട ജീവപര്യന്തം തടവിനും രണ്ടേകാൽ ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ വളപട്ടണത്തെ ഗ്രീൻ പ്ലൈവുഡ് കമ്പനി ഉടമ കണ്ണൂർ ചിറക്കൽ കീരിയാട് ഹാജി ക്വാർട്ടേഴ്സിൽ താമസിച്ച പ്രഭാകർ ദാസിനെ (43) കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ദങ്കനാൽ ജില്ലയിലെ ജാത്തിയ വില്ലേജിലെ ഗണേഷ് നായക് (23) സാന്ത വില്ലേജിലെ റിന്റു എന്ന തുഫാൻ പ്രധാൻ (24), സാന്ത വില്ലേജിലെ ബപ്പുണ എന്ന രാജേഷ് ബെഹ്റ (24), സാന്ത വില്ലേജിലെ ചിന്റു എന്ന പ്രസാന്ത് സേത്തി (24) എന്നിവരെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും 11 വർഷം കഠിനതടവും അനുഭവിക്കണം.
പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ ദാസിനെ കത്തികൊണ്ട് മുറിവേൽപിച്ച നാലാം പ്രതി പ്രസാന്ത് സേത്തിക്ക് ഒരുവർഷം കഠിനതടവും വിധിച്ചു. നാല് പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴസംഖ്യയായ ഒമ്പത് ലക്ഷം രൂപ കൊല്ലപ്പെട്ട പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ ദാസ്, മകൾ രശ്മിത ദാസ് എന്നിവർക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2018 മേയ് 19ന് രാത്രി 11 മണിയോടെയാണ് കേസിനാധാരമായ കൊല നടന്നത്.
വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതികൾ പ്രഭാകർ ദാസിനെ കെട്ടിയിട്ടശേഷം ഭാര്യയുടെ സ്വർണാഭരണങ്ങൾ കത്തികാട്ടി അഴിച്ചുവാങ്ങുന്നതിനിടെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വർണാഭരണങ്ങളും 80,000 രൂപയും രണ്ട് മൊബൈൽഫോണും കവർച്ച ചെയ്തശേഷം പ്രതികൾ രക്ഷപ്പെട്ടു. അഞ്ച് പ്രതികളിൽ നാലുപേരുടെ വിചാരണയാണ് പൂർത്തിയായത്. രണ്ടാം പ്രതി ഗോലിയ ദെഹ്റു ഒളിവിലാണ്.
ഗണേഷ് നായ്കിനെ മൊബൈൽ മോഷ്ടിച്ചതിന് സ്ഥാപനത്തിൽനിന്ന് പ്രഭാകർ ദാസ് പുറത്താക്കിയതാണ് ശത്രുതക്ക് കാരണം. മകൾ രശ്മിത ദാസിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.