മദ്യലഹരിയിൽ അമിതവേഗം: വാഹനം പിന്തുടർന്ന് പിടികൂടിയ ട്രാഫിക് എസ്.ഐക്ക് മർദനം
text_fieldsചേർത്തല: മദ്യലഹരിയിൽ അമിതവേഗത്തിൽ വന്ന വാഹനം പിന്തുടർന്ന് പിടികൂടിയ ട്രാഫിക് എസ്.ഐയെ യാത്രക്കാർ ക്രൂരമായി മർദിച്ചു. ചേർത്തല പൊലീസ് സ്േറ്റഷനിലെ ട്രാഫിക് എസ്.ഐ അർത്തുങ്കൽ പുളിക്കൽ വീട്ടിൽ ജോസി സ്റ്റീഫനെയാണ് (55) മർദിച്ചത്. മൂക്കിൽനിന്ന് ചോര വാർന്ന നിലയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളായ സൈനികനെന്ന് വിശേഷിപ്പിച്ച ആൾ അടക്കം മൂന്നുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര കുന്നിക്കോട് ശാസ്ത്രി ജങ്ഷന് സമീപം സി.എം ഹൗസിൽ ഷമീർ മുഹമ്മദ് (29), കൊല്ലം ആവണീശ്വരം സ്വദേശികളായ രാജവിലാസം ജോബിൻ (24), വിപിൻ ഹൗസിൽ വിപിൻ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം.
കലവൂർ ഭാഗത്തുനിന്ന് സിഗ്നലിൽ നിർത്താതെ അപകടകരമായ രീതിയിൽ ജീപ്പ് വരുന്നതായി കൺട്രോൾ റൂമിൽനിന്ന് ജോസി സ്റ്റീഫന് സന്ദേശം ലഭിച്ചു. ചേർത്തല എക്സ്റേ കവലയിൽ പരിശോധനക്കിടെ ജോസി കൈ കാണിെച്ചങ്കിലും അമിതവേഗത്തിൽ വന്ന ജീപ്പ് നിർത്താതെ പോയി. പിന്തുടർന്ന് പോയ പൊലീസ് വാഹനത്തെ വെട്ടിച്ച് ദേശീയപാതയിൽ ആഹ്വാനം വായനശാല ജങ്ഷനിൽനിന്ന് തിരിഞ്ഞ് ആഞ്ഞിലിപ്പാലം ഭാഗത്തേക്ക് ജീപ്പ് ഓടിച്ചുപോയി. മണ്ണിൽ ജീപ്പിെൻറ ചക്രങ്ങൾ താഴ്ന്നതോടെ പൊലീസ് പിടികൂടുകയായിരുന്നു.
ഈ സമയം പ്രകോപനമില്ലാതെ ഷമീർ മുഹമ്മദ് മുഖത്തിടിച്ചതോടെ ജോസി സ്റ്റീഫെൻറ മൂക്കിൽനിന്ന് രക്തം വാർന്നു. മറ്റ് പൊലീസുകാർ എസ്.ഐയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് മൂന്നുപേരെ പിടികൂടിയെങ്കിലും ഒരാൾ ഓടിമറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എസ്.ഐക്ക് മൂക്കിന് വളവ് സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.