ഗതാഗത നിയമ ലംഘനം:2021ൽ മലപ്പുറം ജില്ലയിൽ ചുമത്തിയത് 5.39 കോടി
text_fieldsകഴിഞ്ഞ വർഷം മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ്. കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 26,814 ആണ്. ഇതിന്റെ 40 ശതമാനത്തോളം കേസുകളും ഹെൽമറ്റ് ധരിക്കാത്തതിനാണ്. 10,302 കേസുകളാണ് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് രജിസ്റ്റർ ചെയ്തത്. ഈ ഇനത്തിൽ 51,51,000 രൂപയാണ് പിഴയായി ലഭിച്ചത്. ബി.ഐ.എസ് മാനദണ്ഡപ്രകാരമല്ലാത്ത ഹെൽമറ്റ് ധരിച്ച 2247 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഇവർക്ക് 11,23,500 രൂപ പിഴ ചുമത്തി. ഇത്രയധികം ബോധവത്കരണം നടത്തിയിട്ടും ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറയാത്തതിൽ ഉദ്യോഗസ്ഥരും ആശങ്ക പങ്കുവെക്കുന്നു.
മറ്റ് പ്രധാന കേസുകളും പിഴയും
ഇൻഷുറൻസില്ലാതെ വാഹനം ഓടിക്കൽ - 4,380 കേസ്, പിഴ 87,80,000 രൂപ.
സുതാര്യമല്ലാത്ത വിൻഡോ ഗ്ലാസ് - 2,375 കേസ്, പിഴ 6,01,000.
ഡ്രൈവർ സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ - 1,581 കേസ്, പിഴ 7,90,500 രൂപ.
സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ - 185 കേസ്, പിഴ 92,500 രൂപ.
അമിത ഭാരം കയറ്റി വാഹനം ഓടിക്കൽ - 205 കേസ്, പിഴ 54,07,000 രൂപ.
വാഹനം നിർത്താതെ പോകൽ - 1,109 കേസ്, പിഴ 11,09,000 രൂപ.
പെർമിറ്റുണ്ടായിട്ടും നികുതി അടക്കാതെ വാഹനം ഓടിക്കൽ - 838 കേസ്, പിഴ 38,20,500 രൂപ.
നികുതി അടക്കാതെ വാഹനം ഓടിക്കൽ - 757 കേസ്, പിഴ 19,40,000 രൂപ.
റിയർ വ്യൂ മിറർ ഇല്ലാത്തവർ - 740 കേസ്, പിഴ 1,85,250 രൂപ.
ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ശരിയായ രീതിയിൽ യൂനിഫോം ധരിക്കാതിരിക്കൽ - 606 കേസ്, പിഴ 1,52,000 രൂപ.
വാഹനം രൂപംമാറ്റൽ - 338 കേസ്, 8,35,000 രൂപ.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം - 385 കേസ്, പിഴ 77,00,000 രൂപ.
മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത് 2.70 കോടി
മലപ്പുറം: ഗതാഗത നിയമ ലംഘനത്തിന് ജില്ലയിൽ കഴിഞ്ഞ വർഷം പിഴ ചുമത്തിയത് 5,39,97,325 രൂപ. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ആറ് സ്ക്വാഡുകൾ നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും പിഴ ചുമത്തിയത്. ഇതിൽ 2,70,09,707 രൂപയാണ് ലഭിച്ചത്. 2,69,87,617 രൂപയാണ് ഇനി ലഭിക്കാനുള്ളത്. കഴിഞ്ഞ വർഷം 85 ഇനങ്ങളിലായി 26,814 കേസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 19,232 എണ്ണവും തീർപ്പാക്കി. 7,582 കേസുകളിലാണ് ഇനി പിഴ അടക്കാനുള്ളത്. 5,281 എണ്ണം കോടതിയിലേക്ക് അയച്ചിട്ടുണ്ട്.
ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, പിഴ 1.64 കോടി
ഹെൽമറ്റുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണം കുറവാണെങ്കിലും പിഴ ഏറ്റവും കൂടുതൽ ചുമത്തിയത് ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനാണ്. ഈ ഇനത്തിൽ മാത്രം ചുമത്തിയ പിഴ 1,64,65,000 രൂപയാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 2001 പേർക്ക് എതിരെയും ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് 1292 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ആദ്യ കേസിൽ 1,00,05,000 രൂപയും രണ്ടാമത്തെ കേസിൽ 64,60,000 രൂപയുമാണ് പിഴ ചുമത്തിയത്. 5,000 രൂപയാണ് ലൈസൻസില്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ. കേസ് രജിസ്റ്റർ ചെയ്താൽ പിഴ അടക്കൽ നിർബന്ധവുമാണ്.
പിഴ അടക്കാൻ വൈകിയാൽ 'ബ്ലാക്ക് ലിസ്റ്റ്'
ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയത് അടക്കാൻ അനന്തമായി വൈകിയാൽ വാഹനം ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. നിലവിൽ കോവിഡ് പശ്ചാത്തലത്തിൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് നീട്ടിയിട്ടുണ്ടെങ്കിലും പിഴ അടക്കാതിരുന്നാൽ വാഹനം പട്ടികയിൽ ഉൾപ്പെടുത്തും. ഇത് പിന്നീട് ഉടമസ്ഥാവകാശം മാറ്റുന്നതുൾപ്പെടെ പ്രയാസത്തിലാക്കും. പിഴ ഓൺലൈനായും ഓഫിസിലും കോടതിയിലും അടക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.