ട്രാൻസ്ഫോർമർ മോഷണം; മൂന്നുപേർ പിടിയിൽ
text_fieldsചെറുതോണി: വൈദ്യുതി ബോർഡിലെ ട്രാൻസ്ഫോർമർ മോഷ്ടിച്ച മൂന്നുപേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടി. വാത്തിക്കുടി പഞ്ചായത്തിലെ കൊന്നക്കാമാലി ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരി കുന്നേൽ തോമസ് (49), മറ്റപ്പിള്ളിൽ ബിനു (48) എന്നിവരാണ് പിടിയിലായത്.
മുരിക്കാശ്ശേരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ അസി. എക്സി. എൻജിനീയർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. ട്രാൻസ്ഫോർമർ ഇളക്കിയെടുക്കാൻ കിണറിനും മറ്റും ഉപയോഗിക്കുന്ന കപ്പി പ്രതികൾ ഇരുമ്പ് കടയിൽനിന്ന് വാങ്ങിയിരുന്നു. മോഷണത്തിനു ശേഷം പ്രതികൾ ഈ കപ്പി സംഭവസ്ഥലത്ത് ഉപേക്ഷിച്ചു.
ഇതിലുള്ള കോഡ് നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ദൈവംമേട്ടിൽ പ്രവർത്തിച്ചിരുന്ന പാറമടക്ക് വേണ്ടി വൈദ്യുതി ബോർഡ് അനുവദിച്ചതാണ് ട്രാൻസ്ഫോർമർ. പാറമട നിർത്തിപ്പോയെങ്കിലും ട്രാൻസ്ഫോർമർ തിരികെ കൊണ്ടുപോയില്ല.
ട്രാൻസ്ഫോർമർ പൊളിച്ചാൽ അതിനുള്ളിൽ ലക്ഷങ്ങൾ വിലയുള്ള ചെമ്പുകമ്പിയും കോയിലും കിട്ടുമെന്ന് പ്രതികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതനുസരിച്ച് മോഷ്ടിച്ച ട്രാൻസ്ഫോർമർ രാത്രിതന്നെ പിക്അപ്പിൽ ഒന്നാം പ്രതിയുടെ വീട്ടിലെത്തിച്ച് പൊളിച്ചപ്പാൾ കോയിലും അലുമിനിയം കമ്പികളും മാത്രമാണുണ്ടായിരുന്നത്.
മുരിക്കാശ്ശേരി എസ്.ഐ എൻ.എസ്. റോയി അഡീഷനൽ എസ്.ഐ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.