ട്രഷറി തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷണത്തിലും 'തട്ടിപ്പ്' പണം തട്ടിപ്പുമായി
text_fieldsപത്തനംതിട്ട: ജില്ല ട്രഷറിയിലും പെരുനാട് ട്രഷറിയിലുമായി നടന്ന സാമ്പത്തികതട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ കേസന്വേഷണവും 'തട്ടിപ്പാ'കുന്നു. പണം തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അന്വേഷണസംഘം ശേഖരിച്ചെങ്കിലും പ്രതികളെ പിടികൂടാൻ തയാറാകുന്നില്ല. ജനുവരിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇത്രയുംനാൾ അന്വേഷിച്ചിട്ടും പ്രതികൾ എല്ലാവരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കോന്നി സബ് ട്രഷറി ഓഫിസര്‍ രഞ്ജി കെ. ജോണ്‍, ജില്ല ട്രഷറിയിലെ ജൂനിയര്‍ സൂപ്രണ്ട് കെ.ജി. ദേവരാജന്‍, റാന്നി പെരുനാട് സബ്ട്രഷറിയിലെ ട്രഷറര്‍ സി.ടി. ഷഹീര്‍, ജില്ല ട്രഷറിയിലെ ജൂനിയര്‍ അക്കൗണ്ടന്റ് ആരോമല്‍ അശോകന്‍ എന്നിവരെയാണ് ട്രഷറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഇവരെ ആരെയും കണ്ടെത്താനാകുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പെരുനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ ഭരണകക്ഷി യൂനിയനില്‍പെട്ടവരായതിനാൽ രാഷ്ട്രീയ സമ്മര്‍ദത്തെതുടര്‍ന്ന് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഷഹീര്‍ എൻ.ജി.ഒ അസോസിയേഷന്റെയും ബാക്കി മൂന്നുപേരും എൻ.ജി.ഒ യൂനിയന്റെയും അംഗങ്ങളാണ്. ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ പിന്നാക്കം പോകുന്നത് രാഷ്ട്രീയ ഇടപെടലുകൾ മൂലമാണെന്നാണ് ആരോപണം. കേസ് പറഞ്ഞുതീർത്ത് പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി അറിയുന്നു. മുഖ്യപ്രതി സി.ടി. ഷഹീറിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്വേഷണസംഘം നേരത്തേ ശേഖരിച്ചിരുന്നു. നശിപ്പിച്ചെന്ന് കരുതിയ 3,80,000 രൂപയുടെ ചെക്ക് പെരുനാട് സബ്ട്രഷറിയിലെ കമ്പ്യൂട്ടറിന്റെ സി.പി.യുവിനുള്ളിൽനിന്ന് കണ്ടെത്തി.
കൂടാതെ, ഇയാൾ ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണംമാറിയതും കണ്ടെത്തി. മരണമടഞ്ഞ ഓമല്ലൂർ സ്വദേശിനിയായ പെൻഷനറുടെ സ്ഥിരനിക്ഷേപത്തിലെയും സേവിങ്സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപ, മകന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിയെടുത്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തതല്ലാതെ വകുപ്പുതലത്തിലും ഒരു നടപടിയും ഇതേവരെ എടുത്തില്ല.
ഇവരുടെ ട്രഷറി കോഡും പാസ്‌വേഡും ഉപയോഗിച്ച് ഷഹീർ നടത്തിയ തട്ടിപ്പാണെന്നാണ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സമാനരീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നതുസംബന്ധിച്ച ചോദ്യങ്ങൾക്കും പൊലീസോ ധനകാര്യ വകുപ്പോ വ്യക്തമായ മറുപടിക്ക് ഇപ്പോഴും തയാറല്ല. വലിയ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരുമാസം പിന്നിട്ടപ്പോഴാണ് ജില്ല ട്രഷറിയില്‍നിന്ന് പൊലീസില്‍ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.